Wednesday, July 15, 2020

മൂന്ന് മണി


വര്‍ഷങ്ങളായി പൂട്ടി
കിടക്കുന്ന വീടിന്റെ
മണമാണ്‌ നിനക്കിപ്പോള്‍
നിന്റെ മുറി മുഷിഞ്ഞ ദിവസങ്ങള്‍
വലിച്ചെറിഞ്ഞ അടിയുടുപ്പുകള്‍
ധരിച്ച ദിവസങ്ങള്‍ കുറിച്ചിട്ട
കലണ്ടര്‍
അലക്ക് യന്ത്രത്തില്‍ ഇടേണ്ടത്
എന്തിനെയൊക്കയാവും
 പാതി വായിച്ചു പലയിടങ്ങളില്‍
ഉപേക്ഷിച്ച പുസ്തകങ്ങള്‍
അവരിങ്ങനെ ഉടുപ്പുകളേയും
കെട്ടി പിടിച്ചുറങ്ങുന്നു

കുരിശേറി കിടക്കുന്ന
ജൂത പുത്രനുള്ളത് കൊണ്ടാവും
ആളൊഴിയുമ്പോഴും
നിറയുമ്പോഴും പള്ളി ശൂന്യതയുടെ
അള്‍ത്താരയാവുന്നത്
ഇല്ലാതെയായ ഓരോ
പ്രണയവുമവിടെ
മുട്ടു കുത്തുന്നത്

 ജീവന്റേയും മരണത്തിന്റേയും
തൊട്ടേ തൊട്ടില്ലാ കളികളില്‍
വഴുക്കി വീഴാം 
കഴുത്തിലെ തടിച്ചുണര്‍ന്ന
ഞരമ്പില്‍ ആഴ്ത്താനുള്ള
രണ്ട് കോമ്പല്ലുകളുടെ
ജപമണി പെരുക്കം
നമുക്ക് നമ്മളെ കത്തിക്കാം
ലിപികള്‍ പച്ച കുത്തിയ
തൊലിയില്‍ തീ നീറി
പിടിക്കുമ്പോള്‍ ഒന്നും
മിണ്ടാതെയൊറ്റകുത്തിനു
കൊല്ലാം 

പ്രണയത്തിന്റെ നാലു വരി
പാതയെനിക്ക് കടക്കണമെങ്കില്‍
സീബ്രാ വരകളുടെ
ഓട്ടം നില്‍ക്കണം
ഈ പാതിര ഒരു തവണ
എനിക്കായ് 
അനുവദിക്കപ്പെട്ടിരിക്കുന്ന
ഈ രാത്രി 

അതേ പ്രാണന്‍
അതേ പ്രണയം
പേടിയായിരുന്നു
നിന്നെ കാണാതെ മരിച്ചു
പോകുമോയെന്ന്
അഴുകിയ ഉടലില്‍
മുളക്കുന്ന ചെടിക്ക്
അതിന്റെയിലക്ക്
പൂവിന്‍ നിന്റെ
പച്ച ചുവയ്ക്കുവോയെന്ന്

വിട്ടു കൊടുക്കരുതെന്നെ..
ഈ രാത്രി അവസാനിക്കാതെ
ഇരിക്കാന്‍ എന്തെങ്കിലും
ചെയ്തേ പറ്റൂ  

മൂന്ന് മണി
നീ മാത്രമുള്ള മെസേജിങ്ങ് ആപ്പ്
ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പൊയവരെ
കാത്തിരിക്കുന്ന കല്ലറകള്‍ 

അല്ലെങ്കില്‍ തന്നെ തര്‍ക്കമാണ്
ഭൂമി ആര്‍ക്കെന്നത്
മരിച്ചവര്‍ക്കോ, ജീവനുള്ളവര്‍ക്കോ!
സിവില്‍ പ്രണയക്കോടതികളിലെ
ആയിരക്കണക്കിനു കേസുകള്‍
അവരെപ്പോഴെങ്കിലും
തീര്‍പ്പാക്കട്ടെ
നിന്റെ ഉള്ളിലെ തീ
കത്തി തീര്‍ന്നിട്ടില്ലായെങ്കില്‍
എന്നെ കത്തിക്കാനത്
മതിയാവും 

ഒരു തെളിഞ്ഞ നീളന്‍
കുപ്പിയില്‍ വളരുന്ന
പച്ചയില സസ്യത്തിന്‌
പൊഴിക്കാനുള്ള ഇലയേ
ബാക്കിയുള്ളൂ
ജലമില്ലാത്ത വേനലിലേക്ക്
നമുക്ക് നടക്കാനത് മതിയാവും

.

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...