Friday, November 2, 2018

തര്‍ക്കൊലൈ

നമുക്ക് ഏറ്റവും പ്രിയമുള്ളൊരാളുടെ
കൈ വിരല്‍ ആള്‍ക്കൂട്ടത്തില്‍ 
വിട്ടിട്ടുണ്ടോ 
ഏറ്റവും പ്രിയമുള്ളൊരാളുടെ
പിന്നില്‍ നിന്ന് അത്രയുമാഴത്തില്‍ 
ഒരു കഠാര കുത്തി ഇറക്കിയിട്ടുണ്ടോ
അത്ര ചേര്‍ത്ത് നിര്‍ത്തി 
പോയന്റ് ബ്ലാങ്കില്‍ 
നിറയൊഴിച്ചിട്ടുണ്ടോ
അപ്പോള്‍ എവിടെ നിന്നുമല്ലാതെ
കണ്ണുകളില്‍ നിന്ന് ഇലയും 
ചെടികളും മുളയ്ക്കുന്നത്
കണ്ടിട്ടുണ്ടോ
ഒരു നിശ്ശബ്ദതയിങ്ങനെ കനപ്പെട്ടു 
നനഞ്ഞ ചിറകായി മാറുന്നത് കണ്ടിട്ടുണ്ടോ
ഇതൊന്നും കണ്ടിട്ടില്ല എങ്കിലും 
അതില്‍ നിന്നും കൊഴിയുന്ന
ഒരൊറ്റ തൂവല്‍ ഭൂമി തൊടാതെ
ആകാശത്തേക്ക് മാത്രം 
ഊയലാടി പറക്കുന്നത് 
കണ്ടിട്ടുണ്ടോ
തീ പോലെ പൊള്ളുന്ന 
പ്രണയത്തില്‍ നിങ്ങള്‍ 
ഒരിക്കലെങ്കിലും 
തൊലിയടര്‍ന്നിട്ടുണ്ടെങ്കില്‍ മാത്രം 
അപ്പോള്‍ മാത്രം 
നിങ്ങള്‍ അത് കാണും 










No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...