Monday, September 28, 2020

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1.

തണുത്തുറഞ്ഞ കടലില്‍ 
പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത്
വര്ഷം മുഴുവനും എന്നേക്കുമെന്നേക്കും 
അതങ്ങനെ കിടന്നു
ചെവിയോര്‍ത്താല്‍ കേള്‍ക്കാവുന്
ഇരമ്പമായിരുന്നു അതിനടയാളം 

വൈകുന്നേരം 
ഭൂമി അന്നെത്ര കറങ്ങി
തിരിഞ്ഞിട്ടും സൂര്യനെ
കാണാമായിരുന്നു
ആ വര്‍ഷത്തെ ഏറ്റവും 
നീളമുള്ള പകല്‍ 
അന്നായിരുന്നു


രാത്രിയെന്നോ
പകലെന്നോ ഇല്ലാതെ
ഒരു നക്ഷത്രം മേലെ
കത്തിക്കിടന്നിരുന്നു
മരങ്ങളില്ലാത്ത
കാടുണ്ടായിരുന്നു

നിന്നെ കാണാന്‍ വന്നപ്പോഴൊക്കെയും 
ഞാന്‍ കൊണ്ടു വന്ന സമ്മാനങ്ങള്‍ 
വെള്ള മണലിന്റെ ഘടികാരം 
നൂലിന്മേല്‍ ചാടുന്ന കുതിരപ്പാവ
വയറില്‍ പീപ്പി വച്ച കിളി
നാലു ഇലകളുണ്ടായിരുന്ന നാരകം 
ഏറെ നിറങ്ങളുള്ള കാറ്റാടി

നോക്കൂ നമ്മുടെ വീട്
അവിടെ തന്നെയുണ്ട്
പൊങ്ങിയും താണും ...
നിവര്‍ത്താത്ത പ്ത്രവുമതു പോലെ
ചായ മേശ  
ക്രമം തെറ്റിയ പുസ്തകങ്ങള്‍ 
ഒരു ചിറക് പോയ പൂമ്പാറ്റയെ
കൊണ്ട് പോകുന്ന
തീവണ്ടിയുറുമ്പുകള്‍ 

വേണമെങ്കില്‍ മടുക്കും വരെ
നമുക്ക് മിണ്ടാതിരിക്കാം 
ചായയിടാം 
ജനാലകള്‍ എല്ലാം 
തുറന്ന് പിടിച്ച് നിര്‍ത്തിയ
ശ്വാസത്തെ തുറന്ന് വിടാം 
കടല്‍ക്കരയില്‍ പതിഞ്ഞ
കാലടികളിലേക്ക്
ജലം നിറയും 
പോലെ ഓര്‍മ്മകളിലും 
മറവി നിറയും 

നെരിപ്പോടില്‍ 
തണുത്ത വിറകിന്റെ
നീറ്റല്‍   
നീയും ഞാനും 
രണ്ട് പേരും 
മരിച്ച് പോയവര്‍ 


2.


മുന്നേ മരിച്ചവര്‍ ഏതെങ്കിലും 
മലയിലോ കടലിടുക്കിലോ
വിരസമായിരുന്നു തീ
കായുകയാവും 
ചിലര്‍ ഐസില്‍ 
തെന്നിക്കളിക്കുകയുമാവാം 

ചിലര്‍ നമ്മെ വഴക്ക് പറയും 
പ്രണയത്തകര്‍ച്ചക്ക്
കൂട്ടിരിക്കും 
നെരിപ്പോടിലണയാന്‍ 
പോകുന്ന തീ ഊതും 
വഴി തെറ്റിയ പൂച്ചയെ
തിരികെ വാതില്‍ക്കലെത്തിക്കും 
വാതിലിന്റെ ചാവി
എടുക്കാന്‍ മറന്നെന്നോര്‍മ്മിപ്പിക്കും 
മരിച്ചവര്‍ നമ്മുടെ കൂടെയുണ്ടാകുന്നത്
അങ്ങനെയാണ്
ചിലപ്പോഴത് കൊഴിയുന്ന
അവസാന ഇലയെ
കൊമ്പിലേക്ക്
തിരികെ ചേര്‍ക്കുമ്പോഴാകും 
കാറ്റായി !


....................



No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...