തണുപ്പായിരുന്നു
അയ്ന്റെ ഒപ്പം നല്ല മഴയും
മഴ പോയിട്ട്
ഒരു മൈരു പോലുമില്ലാത്ത
അടുത്ത നഗരത്തിലേക്ക്
നിന്റെ ശ്വാസത്തില്‍ മുങ്ങിയ
അടക്കിയ ഒച്ച
തണുക്കുന്നെവെന്ന്
എത്ര മൂടി പുതച്ചിട്ടും
തണുക്കുന്നുവെന്ന്
നിനക്കൊരരിക് തന്ന്
ഞാനിവിടെ ഒരു
വശം ചേര്‍ന്ന് കിടക്കുന്നു
നിന്റെ കഴുത്തിനു
പനിക്കൂര്‍ക്കയില
ഞെരടിയ പച്ചമണം
കയ്പ്പ് നിറഞ്ഞ
നിന്റെ വായിനൊരു
ഉപ്പും എരിവും ചേര്‍ത്തൊരു
ചൂണ്ട് വിരല്‍ തരട്ടെ
അല്ലെങ്കില്‍ തന്നെ
നിനക്ക് മാത്രം പനി
വരുന്നതെന്തിനു
ഓടിച്ചിട്ടു പിടിച്ചൊരു
ചുണ്ടെലി കുഞ്ഞിനെ
വാലില്‍ തൂക്കി
കെട്ടിക്കറക്കും
പോലെ
ഊയലാടുന്നു നമ്മളുറക്കത്തില്‍
ഇരു കൈകളുമില്ലാതെ
ഞാനെഴുതുന്ന കവിതക്ക്
പെട്ടന്ന് വിരലിനൊപ്പം
കൈകളും മുളച്ചു
മുറി ചൂടു പിടിപ്പിക്കാനൊരു
തീപ്പെട്ടി തപ്പിയെടുക്കുന്നു
ഉരച്ചുരച്ച് അവസാനം
കത്തുന്ന കൊള്ളിയില്‍
മുറിയും കത്തു പിടിക്കുന്നു
നീണ്ടു പൊട്ടിയ
ചുവരിനുള്ളിലൂടെ
കാറ്റ് കടക്കുന്നു
ആളിക്കത്തുന്നു
നിന്റെ തൊലിയുടെ
എണ്ണമിനുക്കത്തിനു
പെട്ടെന്ന് തീ പിടിക്കുന്നു
അമര്‍ത്തി കെട്ടിപ്പിടിച്ച
രണ്ട് കരിക്കട്ടകളില്‍
മഴ പെയ്യുന്നു
ഇടയില്‍ നീല ചിറകുകള്‍
ഉള്ള ഒരൊറ്റമല്‍സ്യം നീന്തുന്നു
No comments:
Post a Comment