Tuesday, August 21, 2018

ഖബർ

ജീവിച്ചിരുന്നപ്പോഴൊക്കെ
പറയുമായിരുന്നു
നീയെന്ന ജലത്തിലേക്ക് വീണ
ഒരു കുപ്പി മഷിയാണ്‌ ഞാനെന്ന്
പ്രാണന്‍ തൊണ്ടക്കുഴിയില്‍ 
എത്തും മുന്നേ കലിമ
ചൊല്ലിക്കൊടുക്കുമ്പോള്‍ 
കൂടെയുണ്ടായിരുന്നയാള്‍ 
ഒറ്റക്കാവുമല്ലോ 
എന്നായിരുന്നു ആധി

അപ്പോഴും കുഴിച്ചു 
തീർന്നിരുന്നില്ല ഖബർ 
മരണവും, മരിച്ചവരും 
മരിക്കാത്തവരും 
തളം കെട്ടി നിന്നിരുന്നു
തിരുമ്മിയടച്ചിട്ടും കണ്ണുകള്‍ 
അടഞ്ഞിരുന്നില്ല
മലക്കുകളുടെ വരവ് 
കാണുകയായിരുന്നു
കണങ്കാലും കണങ്കാലും 
കൂടിപ്പിണഞ്ഞു

അപ്പോള്‍    ഭുമിയിലെ 
ഏറ്റവും  നല്ല  കസ്തുരിയുടെ  
മണം  പുറത്ത്‌   വരും, 
ഒരാള്‍ക്ക് കൂടെ ഉറങ്ങാന്‍ 
പാകത്തിനു ഖബർ  വിശാലമാകും  
മുന്നറിയിപ്പില്ലാതെ 
പടച്ചവന്‍ തൊട്ടതിനാല്‍ 
ചാരേ നിന്ന മരത്തിന്റെ 
ഇലകളെല്ലാം തളിരാവും
അതിലൊരില നേരത്തേ 
പൊഴിയും, ഒച്ചയുണ്ടാക്കാതെ.

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...