Friday, August 17, 2018

ഒരിലക്ക് പാറി വീഴാന്‍ മാത്രം

സത്യമായും എനിക്കോര്‍മ്മ വരുന്നില്ല
ഇതു നിന്നെ പിരിഞ്ഞത് പോലെയുമല്ല
കലങ്ങിയ ഓര്‍മ്മയില്‍ തട്ടി നില്‍ക്കുകയാണ്
രണ്ട് പേര്‍ കണ്ണു തെളിച്ച് വിരലുകളില്‍ തൊടുന്നു
നഖങ്ങളില്‍ അമര്‍ത്തി നോക്കുന്നു
ഇതൊന്നും പോരാതെ
അമര്‍ത്തി കെട്ടിപിടിച്ചു നോക്കുന്നു
ആഴത്തിലേക്ക് വീണു പോയ
ഒന്നിനെ കൈയ്യെത്തി പിടിക്കാന്‍
നോക്കും പോലെ പേരോര്‍മ്മിച്ചെടുക്കാന്‍
ശ്രമിക്കുന്നു


ഒരുടലിന്റെ മറുപാതിയില്‍
ഇപ്പോള്‍ വെയില്‍ വീഴുന്നുണ്ട്
മുന്നില്‍ അല്ലെങ്കില്‍ പിന്നില്‍
ചുവന്നു തുടങ്ങുന്ന
കാറ്റില്‍ പറക്കാവുന്ന
കനമുള്ള ഒരിലയില്‍
പതിഞ്ഞിരുന്ന്
ഓര്‍മ്മയുടെ ഒരു വരവുണ്ട്
ഭൂമിയില്‍ അവശേഷിച്ച
ഒരേയൊരിലയൊന്നുമല്ല
പക്ഷേ ആരോ ആര്‍ക്കോ
ഒരു സന്ദേശമയക്കുന്നതാണ്


അപ്പോള്‍ അന്ന്
മരിച്ച് പോയവരെ
തിരികെ വിളിക്കാന്‍
ഒരു വാക്കു പോലുമില്ലാതെ
ഒന്നും സംഭവിക്കാതെ
ഒരു പകല്‍ ഇരുളാവും
ഒരിലക്ക് പാറി വീഴാന്‍ മാത്രം
വഴി തുറന്ന് നമ്മുടെ
വാതില്‍ തുറന്ന് കിടക്കും
വിചിത്രമായ രൂപങ്ങള്‍
കൊത്തിയ ചായ കപ്പിന്റെ
നിറഞ്ഞ് തുളുമ്പല്‍
കാത്തിരിക്കുന്ന
ഒരുറുമ്പ് ഉറക്കത്തില്‍
നിന്ന് ഞെട്ടിയുണരും

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...