Saturday, December 29, 2018

അത്രയും ?

ഒരു ഹൃദയത്തിനെന്ത് ഭാരം കാണും 
ആരുടെയോ തുറമുഖത്ത്
നങ്കൂരമിടുന്ന ഒരു കപ്പലിന്റെ  ഭാരം ?

വേറെ വേറെ മുറിച്ച് വച്ചാല്‍ 
നമ്മുടെ ചൂണ്ട് വിരലിന്റെ അത്രയും ?


ലക്ഷ്യമൊന്നുമില്ലാതെ ഓടിച്ച്
ദൂരമത്രയും ?


മുടിയില്‍ ഉറകൂടി
ചെവി വഴിയിറങ്ങി
കഴുത്തിലെത്തിയ
ആ വിയര്‍പ്പു തുള്ളിയുടെ അത്രെം ?
അതിന്റെ ഭാരമറിഞ്ഞ
നാവിന്‍ തുമ്പിനറിയുമോ ?


ഒരു നഗരവും മറ്റൊരു നഗരവും പിന്നെ
നാലര മണിക്കൂറിന്റെ അത്രെം ?

ഉമ്മ വച്ച രണ്ട് ചുണ്ടുകളൂടെ
തണുപ്പിനെ അതില്‍ നിന്നുണ്ടായ
വേനലിനെ കൊണ്ട് ഹരിച്ചാല്‍ 
ഗ്രാവിറ്റിയെ കിഴിച്ചാല്‍ കിട്ടുന്ന അത്രേം ?


അവിടൊരു കടലുണ്ടായിരുന്നു എങ്കില്‍ 
അതിന്റെ ഉപ്പിന്റെ അത്രെം 

കെട്ടിപ്പിടിക്കുമ്പോള്‍ വരിഞ്ഞ
കൈയ്യിന്റെ വ്യാസം ..അത്ര ?
അപ്പോള്‍ ഇരട്ടിച്ച മിടിപ്പുകള്ടെ
അത്രെം ?

വഴക്കിട്ട് മിണ്ടാതിരിക്കുമ്പോള്‍ 
വളരുന്ന മൌനത്തിന്റെ അത്രെം ?


നീയും ഞാനും മാത്രം കേള്‍ക്കുന്ന
ഉറക്കത്തിന്റെ 
അമര്‍ത്തിയ വിളികളൂടെ അത്രെം ?


രണ്ട് മുയല്‍ പല്ലുകളുടെ 
ആഴം ? അത്രയും ?

നിന്റെ ജനലിലൂടെ വീഴുന്ന
പാതി മഴയുടെ പാതി വെയിലിന്റെ 
അത്രയുമെങ്കിലും കാണും 
എന്റെയും നിന്റെയും ഹൃദയം മുറിച്ചെടുത്ത്
തുലാസില്‍ വച്ചാല്‍ 
അല്ലെങ്കില്‍ ഒരു കിം കി ഡുകിന്റെ സിനിമയെ 
ഓര്‍മ്മിപ്പിക്കും പോലെ പൂജ്യമെന്ന് 
കാണിക്കും നമ്മളപ്പോള്‍ 
ഭൂമിയില്‍ നിന്ന് പറക്കുകയാവും 
വെറുതേ.. എങ്ങുമെത്താത്ത
നമ്മുടെ ഡ്രൈവുകള്‍ പോലെ.
നീയപ്പോള്‍ കാലുകള്‍ മടക്കി വച്ച്
ചോക്കളേറ്റ് കേക്ക് തിന്നുകയാവും 
പേരിന്‌ ഇടക്ക്.. എനിക്ക് തരികയും 











No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...