Wednesday, January 9, 2019

അവള്‍ തന്നെ ഋതു അവള്‍ തന്നെ കാലം

അവളുടെ വീട്/മുറി ഇവിടെ എങ്ങുമല്ല..
ആര്‍ട്ടിക്കില്‍ ആണ്
അവളുടെ വീടിന്റെ പേര്
ഗോകുലമെന്നുമല്ല
ഇഗ്ളൂ എന്നാണ്
രോമത്തൊപ്പി വച്ച്
കട്ടിയുടുപ്പിട്ട അവളെ
നിങ്ങള്‍ കണ്ടൂ കാണൂം 
അടുത്ത ടൌണിലേക്ക്
കേക്ക് വാങ്ങാനും 
കാപ്പി കുടിക്കാനും 
റെയില്‍ ഡീയര്‍ വലിക്കുന്ന
വണ്ടിയില്‍ കൈ കോര്‍ത്ത്
നില്‍ക്കുന്ന അവളേയും 
കണ്ട് കാണണം 

അവളില്‍ മഞ്ഞ് പൂക്കുന്നൊരു
നിത്യഹരിത വനമുണ്ട്
ഞാന്‍ കണ്ടിട്ടുണ്ട്
നടന്ന് നടന്ന് ചെല്ലുമ്പോള്‍ കാണുന്ന
തണു തണുത്ത അരുവിയില്‍ 
കയാക്കിങ്ങ് നടത്തിയിട്ടുണ്ട്
അത്ര ആഴത്തില്‍ 
വീണിട്ടുണ്ട്
ശ്വാസം മുട്ടി പിടഞ്ഞിട്ടുണ്ട്

അവളൂടെ മുറിയില്‍ 
ഋതുക്കള്‍ക്ക് അനുവാദം ചോദിക്കാതെ
വരും പോകും 
അവള്‍ തന്നെ ഋതു അവള്‍ തന്നെ കാലം 
അവളുടെ മുറിയില്‍ 
വേറെ എവിടെ പെയ്തില്ലെങ്കിലും 
പെരുമഴ പെയ്യും 
വിരല്‍ തുമ്പുകളില്‍ 
വേനല്‍ നൌകകള്‍ നങ്കൂരമിടും 

അവള്‍ അവളെ തെന്നെ വസന്തത്തിന്റെ 
അവസാന ഇലയെന്ന് വിളിക്കും 
ഞാനവളിലേക്ക് ഇപ്പോള്‍ 
പൊട്ടി പൊട്ടിയില്ലായെന്ന് നില്‍ക്കുന്ന
ഇല ഞരമ്പിലൂടെ പാഞ്ഞെത്തും 
നിശബ്ദമായി ജല ഗോവണി കയറും 

അവള്‍ കാനായിയുടെ യക്ഷി
വിടര്‍ന്ന തുടകള്‍ക്കിടയിലെ
തണൂപ്പിനു കമ്പളങ്ങള്‍ 
കത്തി പൊട്ടും നെരിപ്പോട്
ഉറങ്ങാം ..അല്ലെങ്കിലോ
വിരിഞ്ഞ മധുരനാരങ്ങകള്‍ 
പൊട്ടിക്കാം 

അവള്‍ കവിത കൊണ്ട് 
സമ്മിലൂനി എന്നെഴുതുന്നു
ഉടല്‍ കൊണ്ടൂം മുടി കൊണ്ടും 
പൊതിയുന്നു
ചേര്‍ത്ത പിടിച്ച് പേടി കളയുന്നു
കണ്ണുകളച്ച് ഉറക്കുന്നു

ഇതൊന്നുമല്ല നീ
ഇതൊന്നുമല്ലാത്ത
നൊടിയിടയില്‍ തീരുന്ന
സത്യമോ മിഥ്യയോ 
എന്നറിയാത്ത
അത്ര സുന്ദരമായ 
എയ്ത്തു നക്ഷത്രം 
അതു നമ്മളാണ്
ജ്വലിച്ച് കത്തി തീരുന്നവര്‍ 
ഒരാളുമറിയില്ല..
ആരുമറിയില്ല
പ്രകാശം പരന്നതും 
കത്തി തീര്‍ന്നതും 
ആരുമറിയില്ല
ഇങ്ങനെ രണ്ട് പേര്‍ 
ഭൂമിയില്‍ ഇത്ര 
പ്രണയത്തോടെ
ജീവിച്ചതും 
മരിച്ചു പോയതും 

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...