എത്ര നാളായി നിന്നെ
കാണാതെ ആയിട്ട്
നീ ഓടി പോയതാണ്
അറിയാഞ്ഞിട്ടല്ല
ഇത്രയും പൊസ്സസ്സീവ്
ആയ ഒരാള്‍ടെ കൂടെ
എങ്ങനെ നിക്കാനാണ്
എന്ന് നീ പറഞ്ഞത്
മറന്നിട്ടുമല്ല
എവിടെ ഒക്കെയാണ്
ഇന്ന് ഞാന്‍ തിരഞ്ഞത്
പോകാവുന്ന ഇടത്തൊക്കെ
അറിയാവുന്നവരോടെല്ലാം
അവസാനം ഞാനൊരു
നായയെ കൊണ്ടു വന്ന്
എന്നെ മണപ്പിച്ചു
ഒരു സ്നിഫ്ഫര്‍ പട്ടി
എന്റെ കഴുത്തും ചെവിയും
നീ കടിച്ച് വിരലുകളും
തോളും
നിന്റെ മണമുണ്ട്
ഉമിനീരിന്റെ നിന്റെ മുടിയുടെ
നീ ഇറങ്ങി പോകുമ്പൊള്‍
കൊഴിഞ്ഞു കിടന്ന മുടി
ഒരു കടലാസില്‍ പൊതിഞ്ഞെടുത്ത് വച്ചത്
അതും മണപ്പിച്ചിട്ടുണ്ട്
നിന്നെ കണ്ടുപിടിക്കുമായിരിക്കും ... നോക്കാം
അവസാന ശ്രമമാണ്
ആരുമറിയാതെ ഓടി പോവാന്‍
നീ നിന്റെ കൊലുസുകള്‍
ഊരി ബാഗില്‍ സൂക്ഷിച്ചിരിക്കുവെന്ന്
പറഞ്ഞിട്ടുണ്ട് ഞാന്‍
നല്ല വീതിയുള്ള
ബ്ലാക്ക് മെറ്റല്‍ കൊലുസുകള്‍
വാട്സ്‌ആപ്പില്‍ ഒരു ഫോട്ടോ
മെസേജ് ചെയ്യപ്പെടുന്നു
അറിയാത്ത ഒരു ഫോണ്‍ നമ്പര്‍
ട്രൂ കോളറില്‍ പേരില്ല്
അടുത്ത് എടുത്തതാവണം
തീര്‍ത്തും മരുഭൂമി പോലെ
തോന്നിക്കുന്ന ഒരിടത്തെ
റെയില്‍വേ സ്റ്റേഷന്‍
അതുമൊരു ആകാശചിത്രം
നീയാണൊ ഇനി
ചിറകുകള്‍ മുളച്ച്
പറന്ന് പോയതാണോ നീ
മേഘമോ ചിറകോ
ഇറങ്ങി വാ
വന്നെന്റെ മധുരമില്ലാ ചായയിലെ
കൊടുങ്കാറ്റാവ്
ഉള്ളിലേക്കിറങ്ങ്
ആഴത്തില്‍
നിന്റെ കൂടെ ഇരുന്നപ്പോഴൊക്കെയും
ആഗ്രഹിക്കാറുള്ള പോലെന്റെ ശ്വാസമാവ്
ഇറങ്ങി പോവാതെ ഉള്ളിലൊരു
ഹരിക്കേന്‍ ആവ്
ഒരു സുനാമി കൊണ്ടെന്റെ ഓര്‍മ്മകളൊക്കെ
മായ്ച്ചു കളയ്
ഒരാളെ മാത്രം ഓര്‍മ്മയുള്ള
അല്‍ഷിമേഴ്സ് രോഗിയാക്ക്
നിന്റെയൊഴികെ എല്ലാം
മായ്ച് കളയ്
ആര്‍ക്കും ആരെയും പരിചയമില്ലാത്ത
ഒരു നഗരത്തില്‍ ആരും ഫോണ്‍ വിളിച്ച്
ചോദ്യങ്ങള്‍ ചോദിക്കാനില്ലാത്ത
ഒരു ദിവസം
രാത്രി നമുക്ക് ചായ കുടിക്കാനിറങ്ങണം
പേപ്പര്‍ കപ്പുകളിലെ ചായ കുടിച്ച്
വിജനമായ തെരുവുകളില്‍ നടക്കാനിറങ്ങണം
തോന്നുമ്പോള്‍ ഉമ്മ വയ്ക്കുകയും
പല്ലു മുറിയെ കടിക്കുകയും വേണം
രതിക്ക് മൂക്കുമ്പോള്‍ മുറിയിലേക്ക്
തിരിച്ച് ഓടുകയോ
തെരുവിലെ ഒഴിഞ്ഞ കോണില്‍
നിന്നോ കിടന്നോ ചാരി നിന്നോ
നമുക്ക് അത്രയും പിരാന്തില്‍
കാമപ്പെടണം
നിന്റെ ഒരു കാല്‍ എന്റെ തോളിലേക്ക്
കയറ്റി വച്ചൊരു പൂച്ചയാവണം
ഒന്നിനു പിന്നാലെ ഒന്നായി
നക്കി കുടിക്കണം
മെരുങ്ങാത്ത ഒരു വളര്‍ത്തു കഴുകന്‍
ഒരു കൊടിക്കൂറ
കാറ്റിന്റെ ദിശ അറിയിക്കുന്ന സൂചകം
ശാസ്ത്രഞ്ജന്‍മാര്‍ പറയുന്നതോര്‍ക്കുന്നു
ഭൂമിതണുത്തൊരു മഞ്ഞു കട്ടയായിരുന്നത്രെ
നമ്മള്‍ ഇല്ലാവുന്നിടം ഒരു പക്ഷേ
അങ്ങനെ ആകുമായിരിക്കും
തണുത്തൊരു ഭൂഖണ്ഡം
മരിച്ച മരങ്ങള്‍ ഇലകള്‍ പൂക്കള്‍
നദികള്‍ നീരുറവകള്‍
മരുഭൂമികള്‍ കെട്ടിടങ്ങള്‍
വാഹനങ്ങള്‍ പരസ്യപലകകള്‍
നിന്നെ തിരഞ്ഞിനി എവിടെ പോകാനാണ്
ഒരു മാപ്പിലും കാണാത്ത
ആ റെയില്‍വെ സ്റ്റേഷനിലോ
അവിടെ പറന്നിറങ്ങിയാല്‍ തന്നെ
ഞാനെന്ത് ചെയ്യും
നിന്നെ തെരഞ്ഞെന്റെ നായയെ വിട്ടതിന്റെ
പിന്നാലെ പോയാല്‍ മതിയോ
ഇരുണ്ട ഒരാളുമില്ലാത്ത വഴിയിലൂടെ
എത്രയെന്നാണ്
മരിച്ച് പോയ മേഘങ്ങളൊക്കെ നിരന്ന്
കിടപ്പാണ്‍ വഴിയിയൊക്കെ
ഓരോന്നും തിരഞ്ഞ് നോക്കണം
ഒരു പഞ്ഞിക്കൂട്ടത്തിനിടയില്‍
നിന്നൊരു അപ്പൂപ്പന്‍ താടി
തിരയും പോലെയാവുമത്
എനിക്ക് സങ്കടം
അത്രയും സങ്കടം
വിഷമിക്കല്ലേയെന്ന്
കടിച്ച് പിടിക്കും പോലെ
നിന്നെ മിസ്സ് ചെയ്യുന്നു
എല്ലാം കൂടെ പൊതിഞ്ഞെടുക്കാന്‍
നാലു തൂവാലയുണ്ട്
ആനന്ദങ്ങളുടെ
ഉടല്‍ ബാക്കികള്‍
ഒരു മഞ്ഞു കുറുക്കനെ
പോലെ തിരിഞ്ഞ് നോക്കാതെ
ഞാനിറങ്ങി പോകും
തിരച്ചിലില്‍ മണം കളഞ്ഞ് പൊയ്
വഴി തെറ്റിയ നായ്ക്ക് കൂട്ടാവും
കടലിനു മേലെ നടന്ന് പോയ
പരിശുദ്ധാത്‌വിനെ കണക്ക്
നമ്മളിങ്ങനെ നടന്ന് പോകും
ആകാശങ്ങളിലുരുന്നത്
നീ കാണുകയാണെങ്കില്‍
വരിയായി നടന്ന് പോകുന്ന
ഉറുമ്പിനേക്കാള്‍ ചെറുതായ
എന്തോ ഒന്നിനേയാവും കാണുക
തണുത്തുറഞ്ഞ സമുദ്രത്തെ
വകഞ്ഞൊരു തുണിപ്പായ കപ്പല്‍
അതിന്റെ പൂപ്പില്‍
നീളന്‍ മുടിയുമായ് നീ - നീലോഫര്‍
ഏറെ നാളായ് കാണാതിരുന്ന
മുടിപിന്ന് മുഷിഞ്ഞ
കുപ്പായത്തില്‍ നിന്ന്
കണ്ടെടുക്കുമ്പോള്‍
ഉണ്ടാവുന്ന ആനന്ദത്തില്‍
നിന്റെ കപ്പലിനു നങ്കൂരമിടാന്‍
ഉറഞ്ഞ കടലില്‍ ആഴത്തിലൊരു
പിളര്‍പ്പുണ്ടാക്കുന്നു
വരിക..
No comments:
Post a Comment