Sunday, February 3, 2019

അവനവന്‍ മുറികള്‍

നമ്മുടെ കാര്‍ ഒരു നഗരത്തില്‍ 
നിന്ന് വേറൊരു നഗരത്തിലേക്ക്
ആളെയെത്തിക്കുന്ന വെറുമൊരു
വാഹനമായിരുന്നില്ല.
ഏത് തിരക്കിലും നമ്മളെയൊളിപ്പിക്കുന്ന
മുറിയായിരുന്നു
കാറ്റിലെങ്ങോട്ടും തിരിയാവുന്നൊരു
പായ്‌കപ്പലിനെ പോലെ
അതൊഴുകി നടന്നു
എവിടെയും നങ്കൂരമിട്ടില്ല
ഒരു തുറമുഖത്തും അടുത്തില്ല

കേക്കിന്റെ പാക്കറ്റുകള്‍ 
ഗുച്ചി യുടെ 
ഇടയ്‌ക്ക് എപ്പോഴൊ വലിച്ച
ചുരുട്ടിന്റെ മണങ്ങള്‍ 
നിന്റെ കാല്‍തണുപ്പ് അറിഞ്ഞ്
സീറ്റുകള്‍  
ഉമ്മ ചൂര്
നിന്റെ മുഖം പതിഞ്ഞ കണ്ണാടി

ഫെമിനിസം ,ദളിത്
കറുപ്പ്, നീല
നമ്മള്‍ 
വക്കീലും വാദിയുമായി
വിധിച്ചു തൂക്കികൊന്നു
നീ അധ്യാപികയും 
ഞാന്‍ കുട്ടിയുമായി
ചെലപ്പോള്‍ ഞാനൊരു
മൂരാച്ചി തന്തയും 
നീ തല തെറിച്ച മോളുമായി
അതിപ്രണയവും 
അസൂയയും മൂത്ത
കാമുകനായി
അപ്പോഴും നമ്മുടെ മുറി
നമ്മളെ ചേര്‍ത്ത് പിടിച്ചു
കൊണ്ടേയിരുന്നു

ചിലപ്പോളത് യുദ്ധഭൂമിയിലെ
ബങ്കറിനെ പോലെ നമ്മളെ കാത്തു
എല്ലാ അക്രമണങ്ങളില്‍ നിന്നും 
വാതിലടച്ച് സമാധാനം നിറച്ചു
ഏറ്റവും തിരക്കുള്ള മാനഞ്ചിറയില്‍ 
ബീച്ച് സൈഡില്‍ 
മിഠായി തെരുവില്‍ 
പാരഗണിന്റെ പാര്‍ക്കിങ്ങില്‍ 
ഹൈലൈറ്റ് മാളില്‍ 

ഓര്‍ത്തെടുക്കാന്‍ പോലുമാവത്ത
വഴികളില്‍ അത് നമ്മളെ 
കൊണ്ട് പോയി
ആരും വരുന്നില്ല
വേണമെങ്കിലൊന്ന്
ഉമ്മ വച്ചോയെന്ന് പറഞ്ഞു
നമ്മളവിടെ നമുക്കിഷ്ടമുള്ള
പാട്ട് വച്ചു .. 
തോന്നിയ പോലെ കൂടെ പാടി
ഒച്ച വച്ചു
രണ്ട് നിശ്വാസങ്ങള്‍ക്ക്
ഇണ ചേരാന്‍ കഴിയുമെന്ന്
വിശ്വസിക്കുമെങ്കില്‍ 
നമ്മളാര്‍ത്തി പണ്ടാരങ്ങളെ 
പോലെ ഇണ ചേര്‍ന്നു
അന്യോന്യം നക്കി തുടച്ചു
ഉമിനീരും വിയര്‍പ്പും 
കൂടി ചേര്‍ന്നൊരു
പുതിയൊരു രസക്കൂട്ടുണ്ടാക്കി

നീയും ഞാനുമിറങ്ങിപ്പോരുന്നു
വീടുകളിലേക്ക്..
അവനവന്‍ മുറികളിലേക്ക്...
അസമാധാനങ്ങളിലേക്ക്...
എന്നിട്ടൊടുവില്‍ 
ഓടിക്കൊണ്ടിരിക്കുന്നൊരു
മുറിയുണ്ടാക്കാന്‍ നോക്കി
തോറ്റു പോകുന്നു
തോറ്റു പോയിക്കൊണ്ടേയിരിക്കുന്നു
പൊരിവെയിലില്‍ 
ഒരു കുട നിവര്‍ത്തുന്ന അത്ര
ലളിതമായിരുന്നു അത്
ഒരില്ലാ കുട !

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...