Thursday, February 7, 2019

നെഞ്ചിൽ കൈകൾ പിണച്ചുവയ്കുന്നു

പകുതി കത്തിപ്പോയ ഒരു ആത്മഹത്യ
കുറിപ്പിന്റെ അവസാന വരികളാണ്
നിങ്ങളീ വായിക്കാന്‍ പോകുന്നതെല്ലാം

പല വഴികള്‍ ഞാനാലോചിക്കുന്നു
ഒരു ഷോട്ട് ഗണ്‍ കൊണ്ട്
തൊണ്ടക്കുഴിയില്‍ അമര്‍ത്തി
കാഞ്ചി വലിക്കുക
ഇലകളതിന്റെ മരം കൊഴിക്കും പോലെ
മുഷിഞ്ഞ് കൂറ കുത്തിയ ജനാല
കര്‍ട്ടനില്‍ കുരുക്കുക
അത്ര ആഴമുള്ള ജലത്തിന്റെ ആഴത്തില്‍
ഏകാന്തതയുടെ ജല വഴിയില്‍ മുങ്ങുക
ഉടലില്‍ മിടിക്കുന്ന ജല/മണല്‍ ഘടികാരത്തെ
തല്ലിപ്പൊട്ടിക്കുക
രാത്രിയുടെ അന്ത്യ യാമങ്ങളിലും ഉറങ്ങാത്ത
കൂമന്റെ കണ്ണ്‌ കുത്തിപ്പൊട്ടിക്കും പോലെ
ആ അമ്പയക്കുക.. തറഞ്ഞ് കയറട്ടെ


ഇതൊന്നുമല്ല
തെമ്മാടിക്കുഴിയില്‍ വളരാന്‍ പോകുന്ന
കടും നിറമുള്ള ചെമല പൂക്കളെ
കുറിച്ചോര്‍ത്താണ്
അതില്‍ വന്നിരിക്കാന്‍ ഭയക്കുന്ന'
നിന്റെ പൂമ്പാറ്റകളെ കുറിച്ചോര്‍ത്താണ്
ഒറ്റയ്ക്ക് പറക്കുന്ന
നിമിഷ ജീവികളെ കുറിച്ചോര്‍ത്താണ്

യാത്ര പോവുകയാണ്‌
എന്നെഴുതിയ കത്തിലെ
അവസാന വരിയല്ല
നടന്നു തളര്‍ന്ന് ഒരാള്‍ക്ക്
ജലം പകര്‍ന്ന് കൊടുക്കുന്നതും
അയാള്‍ കുടിക്കുന്നതും ..
ഒരു ചൊല്‍ കവിത പോലെ
നീ കേള്‍ക്കുന്നുവെന്നേയുള്ളൂ

പൂമ്പാറ്റകള്‍ അവരിങ്ങനെ
മരിച്ചയാളെ കുറിച്ച് പാടും
ഈ വിലാസത്തില്‍ അങ്ങനെ ഒരാളില്ലെന്ന്
തെര്യപ്പെടുത്തിയാലും കത്തുകള്‍ വരും
പുരാതനമായ വടുക്കളില്‍
പുതിയ ചായം തേക്കും
പക്ഷേ മരിച്ചവര്‍
വെറുതെ മരിച്ചവരല്ല
ആത്മഹത്യ ചെയ്തവര്‍
അവര്‍ ആണും പെണ്ണുമെന്നില്ലാതെ
പോള്‍ക്ക ഡോട്ടിട്ട കടും നിറത്തിലെ
നീളന്‍ പാവാടയില്‍ അറിയാത്ത
ഏതോ പാട്ടില്‍ വട്ടം ചുറ്റും

ഒറ്റക്കിരിക്കുന്ന.. സ്നാനപ്പെടുത്തിയ..
പേരോര്‍ക്കാത്ത എന്നോടാണോ
കാഞ്ചി വലിക്കുമ്പോള്‍ ലക്ഷ്യം തെറ്റിയ
കുരിക്കിയ തുണി പിഞ്ചിപ്പോയ
ജലം കരക്കെത്തിച്ച
എന്നോടോ..

ചോദ്യമൊന്നുമില്ലാതെ നിനക്ക് ചെയ്യാവുന്ന
ഒരു കാര്യമുണ്ട്
ഒരുമ്മ വയ്ക്കാം ..
ഒടുക്കത്തെ ഉമ്മ
ഇന്നും കത്തൊന്നുമില്ലയെന്ന്
പരാതി പറഞ്ഞിരിക്കുന്ന
ചുളുഞ്ഞി ചുരുങ്ങിയിരിക്കുന്ന
ഒരു വൃദ്ധന്റെ കവിളില്‍
അത്ര സ്നേഹത്തോടെ ഒരുമ്മ
പ്രാര്‍ത്ഥിക്കാതെ വയ്യെന്ന് തോന്നുമ്പോള്‍
മുട്ടു കുത്തുന്ന പോലെ..
അവസാനമായി..
ഇനിയൊരിക്കലും കാണിലെന്ന
ആധിയില്‍ കത്തിക്കാനായ്
ആംബുലന്‍സിലേക്ക് കയറ്റുന്ന
മൃതമായ ഒന്നിലെന്ന മേല്‍
നെഞ്ചിൽ കൈകൾ പിണച്ചുവയ്കുമ്പോള്‍

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...