ഇപ്പോഴൊന്നുമല്ല കേട്ടോ
കൊറേ കഴിഞ്ഞ്
പിന്നേയും കൊറേ കഴിഞ്ഞ്
നിനക്ക് ഞാനെന്റെ ഒസ്യത്ത്
കൈമാറിയേക്കാം
സത്യത്തില്‍ നിനക്ക് മാത്രം
മനസിലാവുന്ന ഭാഷയാവുമത്
ഒന്നും പറയാതെ നീയും ഞാനും
കൈമാറിയ സങ്കടങ്ങളുടെ
ദേഷ്യങ്ങളുടെ വിഷാദത്തിന്റെ
മൌനത്തിന്റെ ഭാഷ
ചെയ്ത പാപങ്ങളുടെ
നല്ലതിന്റെ, ചീത്തയുടെ
ബാക്കിയായതിന്റെ
നിന്നോട് പറയാതെ പോയതിന്റെ
പറഞ്ഞതിന്റെ
പറഞ്ഞിട്ടും പറയാതെ പോയതിന്റെ
ഓഹ്!! ദൈവമേ
പേടിച്ചിട്ട് നിന്നോട് പറയാതെ പോയ
എല്ലാ പ്രണയങ്ങളുടേയും
നിന്റെ വാക്കിന്റെ തോക്കിന്‍ മുന്നില്‍
ഉയര്‍ത്തിപ്പിടിച്ച രണ്ട് കൈകളൂടെ
തോറ്റുവെന്ന് ഗോദയില്‍ അമര്‍ത്തിയടിക്കുന്ന
കൈയ്യടിയില്‍
ദൈവമേ..
നീയെന്റെ വീടായിരുന്നു എന്നാരു പറയും
എത്ര അലഞ്ഞ് തിരിഞ്ഞാലും
വഴി തെറ്റിയാലും തിരികെയെത്തുമെന്ന്
ഉറപ്പുള്ള എന്റെ വീടായിരുന്നു
എന്ന് ഏത് വാക്കില്‍ ഞാനെഴുതും
ഏത് വാക്കില്‍ പറഞ്ഞാല്‍ നിനക്ക്
മനസിലാവും വാക്കുകളുടെ മലക്കേ
ഏത് പിശറന്‍ മഴയേയും തുടക്കുന്ന
വൈപ്പര്‍ ആയിരുന്നു നീയെന്ന് ആരു പറയും
ട്രാഫിക് സിഗ്നലില്‍ ചുവപ്പില്‍ പെട്ടു കിടക്കുമ്പൊള്‍
പെട്ടെന്ന് പച്ചയാക്കുന്നത് നീയായിരുന്നുവെന്ന് ആര്‍ പറയും
ഒരു മഞ്ഞു രാത്രിയില്‍ വഴി തെറ്റിയപ്പോള്‍
വഴി മാറ്റി തന്നതും ദൂരം കാണിച്ചതും
നീ ആയിരുന്നു എന്നത് ആരു പറയും
ഒരു ഏകാന്ത ദിവസത്തിന്റെ മൂര്‍ദ്ധന്യത്തില്‍
നിന്നെ വിളിച്ച് കട്ട ചെയ്ത കോളുകളുടെ അവസാനം
ഒട്ടും പ്രതീക്ഷിക്കാതെ നീ വിളിച്ച്
എവിടെയെന്ന് ചോദിക്കുന്നതാണ്
സന്തോഷമെന്ന് ആരു പറയും
ഒട്ടും ഓര്‍മ്മയില്ലല്ലോയെന്ന് തോന്നുമ്പോഴും
ഏതെങ്കിലും ഒരു ചെറിയ കാര്യമിങ്ങനെ
നീ ഓര്‍ത്ത് പറയുന്നതാണ് സന്തോഷമെന്നാരു പറയും
ഒരു വാക്ക് പോലും പറയാതെയെന്റെ അസൂയയെ
അളക്കുന്ന നിന്റെ മാപിനികളെ എനിക്ക് പേടി
ആണെന്ന് ആരു പറയും
റോളര്‍ സ്കേറ്ററില്‍ ദിശയില്ലാതെ
നിലതെറ്റി ഓടുമ്പോള്‍ കൈ നീട്ടി പിടിക്കാനുള്ള
ചില്ലയാണെന്ന് ആരു പറയും
മരിച്ച് പോസ്റ്റ്‌മോര്‍ട്ടം ടേബിളീല്‍ കിടക്കുകയാണ്
ഒരു വരയില്‍ നെഞ്ചു പിളരും
ചലനം നിലച്ച് ഇരുണ്ട് പോയ ഹൃദയം കാണാം
പരിചയമുള്ള ഒരു പഴയ ചെങ്ങാതിയെ കാണുമ്പോള്‍
നോക്കണോ വേണ്ടയോ എന്ന് സംശയിച്ച്
കടന്ന് പോയ ഒരോര്‍മ്മ വന്നേക്കാം
ഒന്നു പോയി മിണ്ടിയേക്കാമായിരുന്നു എന്നോര്‍ത്തേക്കാം
ഒന്നും മിണ്ടൂന്നില്ല എങ്കിലും നിനക്കൊന്ന്
തൊട്ടു നോക്കാം ചിലപ്പോള്‍
അല്ല ചിലപ്പോളല്ല
തീര്‍ച്ചയായും
ഒരു വട്ടം കൂടെ വിരല്‍തുമ്പ് വരെ
ചോരയെത്തിക്കാനുള്ള ശ്രമത്തില്‍
അതൊന്ന് മിടിച്ചേക്കാം
പേരിനു പോലും ജലമില്ലാത്ത മരുഭൂമി
ഒരു ദ്വീപ് ആണെന്ന് സ്വയം വെളിപ്പെടുത്തുന്ന
അത്രയും നിശബ്ദം
ഒരു കുഞ്ഞിപച്ച ഒരു കാടാണെന്ന്
ഉറക്കെ പറയുന്ന അത്രയും
No comments:
Post a Comment