Sunday, May 5, 2019

വെയില്‍ വരുന്നു മഴ വരുന്നു

നിന്റെ വിരല്‍ തുമ്പ്
തിരക്കുള്ള റോഡില്‍
ഗിയര്‍ അപ്പോഴപ്പോള്‍
മാറ്റുന്ന എന്റെ വിരലിനെ
തൊടുന്നു
എനിക്ക് നിന്നെ തൊടാനല്ല
എല്ലാ എല്ലും നുറുങ്ങും പോലെ
കെട്ടി പിടിക്കാനാണ്
തോന്നുന്നത്

നിന്റെ മൂക്ക് ഉണ്ട ആണെന്ന്
നീ പറയാറില്ലേ
സത്യത്തില്‍ ഞാനെപ്പൊഴും
ഓര്‍ക്കാറുണ്ട്
അതൊരു കിളി മൂക്ക് ആയിരുന്നെങ്കില്‍
എത്ര ബോറായേനെ
മറുകില്ലാത്ത മുഖം
ആ തെണ്ടി സ്വഭാവമില്ലാത്ത നീ
ശ്ശേയ്
ഒരൊറ്റ ക്ളിക്കില്‍ ട്രാഷില്‍ പോയേനെ

നിന്നെ എത്ര നേരമായ് വിളിക്കുന്നു
എടുക്കാത്തതെന്ത്
എവിടെയാണ്
എനിക്ക് ഊഹിക്കാന്‍ വയ്യ
നിനക്കറിയാല്ലൊ എന്റെ
ഊഹങ്ങള്‍ പോകുന്ന വഴി
എന്റെ നെഞ്ചു വേദനകള്‍
പക്ഷെ തോറ്റു കൊടുക്കാതെ പോരാടും
ചുമ്മാ ഒരു ഡൈനാമിറ്റ് വച്ച് പൊട്ടിക്കും
മുറിവേല്‍ക്കും
പറഞ്ഞില്ലെങ്കിലും പറഞ്ഞാലും
മറ്റൊന്നും പോലെയല്ല
പ്രണയത്തിലും മരണത്തിലും
നമ്മളെത്ര അരക്ഷിതരാണ്
എളുപ്പമെത്താനുള്ള
കുറുക്കു വഴികള്‍
നഷ്ടപ്പെടുന്ന സമുദ്രങ്ങള്‍
എത്രയാണ്
എത്ര വെള്ള പേജുകളാണ്

ഒരു കയറ്റത്തില്‍ ആളൊഴിഞ്ഞപ്പോള്‍
നിന്നെ ഉമ്മ വച്ചതോര്‍മ്മയുണ്ട്
ഉച്ച കഴിഞ്ഞ് വിയര്‍പ്പില്‍
ഉപ്പില്‍ എന്നാല്‍ ആഴത്തില്‍
എനിക്കത്ര ഇഷ്ടമാണേ
എന്ന ഉറപ്പില്‍
വണ്ടി എവിടെയെങ്കിലും
പോയി ഇടിക്കട്ടെ എന്ന തോന്നലില്‍
കണ്ണടച്ച് ഉമ്മ വച്ചത്
മതിയാവാഞ്ഞിട്ട്
അമര്‍ത്തി കടിച്ചത്
എന്നോ ഒരു താഴവരയില്‍
നില്‍ക്കുമ്പോള്‍
മഞ്ഞ് കടന്ന് പോയതോര്‍മ്മയുണ്ട്
തൊട്ട് തൊട്ട്
ഹാ... ഉമ്മ പോലെ
ഒരു മുളം കാട് അതിന്റെ
പാട്ടിന്റെ വോള്യം  കൂട്ടുന്നു
ശീതകാലം വരുന്നു
ഞാനിവിടെ മുട്ടു കുത്തി
നില്‍ക്കുന്നു
എന്തിന്നെന്ന് നീ ചോദിക്കില്ല
മറ്റാരു ചോദിച്ചാലുമെന്റെ
പ്രണയമേ

കാലമേറെ കഴിഞ്ഞിട്ടുണ്ട്
കണ്ടിട്ടേറെയായി
ഇനി കാണുമ്പോഴെന്ത് പറയുമെന്നറിയില്ല
പക്ഷേ.. പക്ഷേ
എന്റെ ഹൃദയത്തേക്കാള്‍ പഴക്കമുള്ള
ഓര്‍മ്മകളേക്കാള്‍ ഓര്‍മ്മയുള്ള നീയേ
നിന്റെ വിരല്‍ തണുപ്പേ
ഒന്നിനും പകരമാവാത്ത നീയേ
ഇപ്പോള്‍ മരിച്ചോ..
പകരം നിന്നെയൊന്ന് തൊടാമെന്ന്
ഒരു കരുണയും ഇല്ലാത്ത
ദൈവം കഴുവേറി പറഞ്ഞാല്‍
രണ്ടാമതൊന്ന് പോലും
ആലോചിക്കാന്‍ ഇട തരാത്തവളേ
വെയില്‍ വരുന്നു
മഴ വരുന്നു
നീയെനിക്കൊരു ചിറക് കെട്ടി താ
മരിക്കുവോളം പറക്കാന്‍
ശലഭമെന്ന് വിളിച്ചോളൂ

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...