ഒരാള്‍ ഇങ്ങനെ ചോദിച്ചു കൊണ്ടേയിരിക്കുന്നു
ശ്വസിക്കുന്ന ഒരു പച്ചില അരികില്‍ ഇരിക്കുന്ന പോലെ
ഓട്ടോറിക്ഷകളും സ്കൂട്ടറുകളും
നമ്മളെ കടന്നു പോയി കൊണ്ടേയിരിക്കുന്നു
നിന്റെ നഗരത്തിലേക്കുള്ള ഒന്നര മണിക്കൂര്‍
നേരം ഇരട്ടിയാക്കാന്‍ ഞാന്‍ പാടു പെടുന്നു
കാക്കപുള്ളിയാണ്
ആദ്യ ഓര്‍മ്മ
കാണുമ്പോള്‍ അവളോടൊപ്പം
കയറി വന്ന ഓര്‍മ്മയെ
വിട്ടു പോകാന്‍ മനസില്ലാതെ
തട്ടിപ്പറിച്ചെടുത്ത തൂവാല പിന്നെ
നീണ്ട വിരലുകള്‍
കൈയ്യമര്‍ത്തുമ്പോള്‍
കൂടെ പോരുന്ന തണുപ്പ്
ഞാന്‍ നിന്നെ നോക്കുമ്പോള്‍
നീയെന്നെ നോക്കുന്നില്ല
നീയെന്ന് നോക്കുമ്പോള്‍ ഞാനും
തണുപ്പുണ്ടോ എന്നാരാഞ്ഞ്
നിന്റെ വിരലുകളില്‍ തൊടുന്നു
നമ്മുടെ ഇടയില്‍ ഇടക്കിടെ മഴ പെയ്യുന്നുണ്ട്
കുത്തിക്കയറി വരുന്ന ഏകാന്തയുണ്ട്
എന്തിനേയും പ്രതിരോധിക്കുന്ന
നിന്റെ വാക്കുകളുണ്ട്
എന്തിനും ഏതിനും വഴക്കിടുന്ന നീ
ഒരു കുഞ്ഞുറുമ്പ്
ഒരു വെണ്‍ മുയല്‍
രണ്ടിരട്ട പല്ലുകള്‍
പതിഞ്ഞ ഒച്ചയില്‍
നിന്റെ മൌനം
ഒടുവില്‍ നീയിറങ്ങി പോവുന്നു
തിരക്കുള്ള ഒരു ബസ്സില്‍
ലക്ഷ്യമെത്താതിരുന്നിട്ടും
അറിയാത്ത ഒരാള്‍ക്ക്
സീറ്റൊഴിഞ്ഞ് കൊടുത്ത്
പിന്നെ നിശബ്ദതയായിരുന്നു
ഒരു നഗരത്തില്‍ നിന്ന്
മറ്റൊരു നഗരത്തിലേക്ക്
അത്ര അടുത്തായിട്ടും
തിരിച്ചറിയാതെ പോയ
രണ്ട് മരങ്ങള്‍
ഒരു കുപ്പിച്ചില്ലു
കുത്തിക്കയറിയ
ദൂരമാണ്
ഒരാള്‍ക്കും വേരെ ഒരാള്‍ക്കും ഇടയില്‍
രാതിയായി കഴിഞ്ഞിരുന്നു
നിനക്കുമെനിക്കും
മാത്രം മനസിലായേക്കാവുന്ന
ഒരു നിശബ്ദത
ചുരുട്ടികൂട്ടിയ ഒരു തൂവാലയുടെ ഫ്രെയിം
നീ ഇടക്ക് എപ്പോഴൊക്കെയോ
അയക്കുന്ന മഴയുള്ള ജനാല
ഒന്നും ഒന്നീനെയും പകരം
വയ്കുന്നില്ല
എത്ര അടച്ചിട്ടും
തള്ളിക്കയറി വരുന്ന
കാറ്റിനെ പോലെ നീ/ഞാന്‍
രേഖപ്പെടുത്താത്ത,
ഒരു ലിപിയിലും ഇല്ലാത്ത ഒരു വാക്ക്
No comments:
Post a Comment