1.
പുറപ്പെട്ടു പോയ ഒരാള്‍
അയാളെ അന്വേഷിക്കുന്ന മറ്റൊരാള്‍
അയാള്‍ ചെന്നേക്കാനിടയുള്ള
എല്ലായിടത്തും തിരക്കുന്നു
അയാളോ എങ്ങോട്ടെന്നു പോലും
ഉറപ്പില്ലാത്ത ഒരു തീവണ്ടിയിലെ
ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍
തിരക്കിലുടുങ്ങി നില്‍ക്കുന്നു
ആ തിരക്കിലും അയാള്‍
മുറിച്ച വാലിനെ നോക്കി
ഇരിക്കുന്ന ഒരു പല്ലിയെ
കാണുന്നു, പിടയുന്നതും
പിന്നെ അനക്കമറ്റതും കാണുന്നു
പൊഴിച്ചതിനു ശേഷം
ഇതാരുടെ ഉടുപ്പെന്ന
അത്രയും ആശ്ചര്യത്തോടെ
നോക്കുന്നൊരു വരയന്‍ പാമ്പ്
അയാളുടെ ഉള്ളില്‍
പിടഞ്ഞു ചാടുന്നു
മഞ്ഞളും, കരിയും
ചേര്‍ന്ന ഗ്രാഫിറ്റി
ചേര്‍ന്ന ഗ്രാഫിറ്റി
ഉടലില്‍ വരയുന്നു
അയാളെ തിരക്കുന്ന
മറ്റൊരാള്‍ അപ്പോഴും
അയാളെ തിരക്കുന്നു
ഓഫ് ചെയ്ത ഫോണിലേക്ക്
തുടര്‍ച്ചയായി വിളിക്കുന്നു
അവസാന സ്റ്റേഷന്‍ എത്തും മുന്നേ
വേഗത കുറച്ച തീവണ്ടിയില്‍
നിന്ന് ചാടിയിറങ്ങിയ അയാളോ,
ഒരൊറ്റ വരമ്പിലൂടെ
കൈകള്‍ ചിറകുകളാക്കി
കാലുകള്‍ തൊട്ടു, തൊട്ടില്ല
എന്ന പോലെ പാഞ്ഞ് പോയി
അയാളുടെ പിന്നാലെ
കാറ്റ് പറന്നു
കാറ്റിന്റെ കയ്യില്‍
ഒരോല കാറ്റാടി
ഉണ്ടായിരുന്നു
2.
ഒരാള്‍കൂട്ടത്തിലേക്ക്
രക്ഷപ്പെടാന്‍ ഓടിക്കയറിയ
ഓര്‍മ്മയെ ഒരാള്‍
അതിന്റെ ഓര്‍മ്മയിലെ
പേരു വിളിക്കുന്നു
ചലിക്കാനാവാതെ
നിന്നു പോകുന്ന
അതിനെ പിന്തുടരുന്നയാള്‍
വെടി വച്ചിടുന്നു. എളുപ്പത്തില്‍
വേനലാണോ..മഴയുണ്ടോ?
രണ്ടായിരത്തി പതിനെട്ടിലെ പോലെ
പിന്നൊരു പ്രളയം ഉണ്ടായോ ?
നമ്മളിപ്പോള്‍ എവിടെയാണ്
എനിക്ക് അറുപത്തി അഞ്ചും നിനക്ക്
അമ്പതും ആയോ !
No comments:
Post a Comment