Wednesday, September 5, 2018

ഏകകോശ ജീവികള്‍

ഒരു നീളന്‍ തൂവാല കൊണ്ട്
ഞാനെന്റെ കണ്ണു കെട്ടുന്നു
ഒരു മണല്‍ ഘടികാരത്തിന്റെ
ചോട്ടില്‍ നില്‍ക്കുന്നു
കണ്ണറിയാത്തവന്റെ
കേള്‍വിയില്‍
ഊര്‍ന്നിറങ്ങുന്ന
മണല്‍ത്തരികള്‍
വേരുകളായി നീളുന്നു
വീഴുമ്പോള്‍ പൊടുന്നനെ
ഏതൊരോര്‍മ്മയിലാവണം
അത് നിന്ന് പോയത്

ഉള്ളിലെ തടാകത്തില്‍
വെള്ളം കുടിക്കാനെത്തിയ
മാന്‍ കുട്ടി
ഏതോ അമര്‍ത്തിയ
കാലടിയൊച്ചയില്‍
മുഖമുയര്‍ത്തി
ചെവിയോര്‍ത്ത്
നിശ്ചലം നില്‍ക്കും പോലെ
കൊല്ലപ്പെടും മുന്നേയുള്ള
ഒരു നിമിഷം
ചിതറിയ ഒറ്റ നോട്ടത്താല്‍
അവസാന വാക്കുച്ചരിക്കുന്നു
വ്യര്‍ത്ഥ പ്രാര്‍ത്ഥന

ഞാനും നീയും രണ്ടിടങ്ങളിലിരുന്ന്
ഓര്‍മ്മകളെ പച്ച കുത്തുന്നു
പാതി മുഖം മറച്ച തൊപ്പികള്‍
മടക്കിലൊളിപ്പിച്ച പാദസരം
എത്ര പിടിച്ചാലുമൊതുങ്ങാത്ത
വഴുക്കുള്ള മീന്‍
അതിന്റെ തുറ കണ്ണ്

ഉച്ച തിരിഞ്ഞു
എന്നിട്ടും വെയിലാറിയിട്ടില്ല
ആരോ ഒരാളിന്റെ
കത്തുമായി വരുന്ന
പോസ്റ്റ്മാനെ നോക്കിയിരിക്കുന്നു
നിലച്ച നിമിഷം തൊട്ട്
തുടര്‍ന്ന് ഒഴുകുന്ന വരെയുള്ള
ജീവിതത്തെ പകര്‍ത്തിയെഴുതിയതിന്റെ
ഒരു ശരിപ്പകര്‍പ്പ്
കുനുകുനാ എഴുതിയത്

എത്ര തവണയാണ്
നീയത് തിരിച്ചും മറിച്ചും
വയ്‌ക്കുന്നത്
താനേ തിരിയുന്ന
ജലഘടികാരങ്ങളുണ്ടാവുമോ

പക്ഷേ നമ്മള്‍ ഏകകോശ ജീവികള്‍
വരിവരിയായി കടന്ന് പോകുന്നവര്‍
ഒഴിയുകയാണെന്നോ
നിറയുകയാണെന്നോ
തീര്‍ച്ചയില്ലാത്തവര്‍

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...