ഞങ്ങള്‍ രണ്ട് ദൂര നഗരങ്ങളില്‍
രണ്ടിടങ്ങളില്‍ പക്ഷേ
ഒരേ ശ്വാസത്തിലാണ്
ഉറങ്ങിയിരുന്നത്
ശരിക്കും അടുത്ത്
ഉണ്ടായിരുന്നെങ്കില്‍ പോലും
നമ്മളിങ്ങനെ ഉറങ്ങുമോയെന്ന്
സംശയമുണ്ട്
അങ്ങനെയാണ്‍ നമ്മളുറങ്ങിയത്
ആഴം എന്ന വാക്ക് നമുക്ക്
വേണ്ടി ഉണ്ടായതാവണം
അത്ര ആഴത്തില്‍
അത്ര അടുത്ത്
എപ്പോള്‍ ഉറങ്ങിയെന്ന്
പരസ്പരം ചോദിക്കും
എപ്പോഴാണ്‍ ഫോണ്‍ കട്ട് ആയതെന്ന
കണക്കെടുക്കും
അതേയെന്ന് അത്ര ആഴത്തില്‍
അത്ര അടുത്ത്
ഇനി മിണ്ടാതായാല്‍ എങ്ങനെ
ഉറങ്ങുമെന്ന് നീ/ഞാന്‍ ചോദിക്കുന്നു
ഒരു തൃശൂര്‍ ബസ്സ് പിടിച്ച്
ഇങ്ങോട്ട് പോരേ എന്ന്
ഞാന്‍ പറയുന്നുണ്ട്
നീ ആരോട് മിണ്ടിയാലും
എന്ത് കാണിച്ചാലും എനിക്കൊന്നുമില്ലെന്ന്
വെറുതെ പറയുന്നു
എന്നിട്ട് പിടയ്ക്കുന്നു
രണ്ട് ബിയര്‍ കഴിഞ്ഞ്
ബോധം പോവുമ്പൊള്‍
ഒരാത്മാവ് അതിന്റെ
അപരജീവിതത്തില്‍ എന്ന പോലെ
നിന്നോടെല്ലാം പറയുന്നു
സ്നേഹിച്ചത് മരിച്ചത്
ഉമ്മ വച്ചത്
കരുണയില്ലാതെ
ഒഴിവാക്കപ്പെട്ടത്
എല്ലാ ബോധവും പോയപ്പോഴാണോ
അതോ തിരികെ വന്നപ്പോഴോ
നിന്നെയൊന്ന് കെട്ടി പിടിച്ചോട്ടെയെന്ന്
ചോദിക്കുന്നു
നീയൊന്നും പറയുന്നില്ല
അല്ലെങ്കിലും നീയൊന്നും
പറയാറില്ലല്ലോ
എനിക്കൊന്ന് കെട്ടി പിടിച്ചാല്‍ മതി
മുറുക്കെ..എല്ലു നുറുങ്ങണം
വേദനിക്കണം ചിലപ്പോഴൊന്ന്
ഉമ്മ വച്ചേക്കാം ..
മുടി പിടിച്ചൊന്ന് വലിച്ച്
വേദനിപ്പിച്ചേക്കാം
ബിയര്‍ പറയുന്നതാണെന്ന്
നീ കളി പറയുന്നുണ്ട്
ഇനിയിപ്പോ എനിക്ക്
അറുപതും നിനക്ക്
നാല്‍പത്തി അഞ്ചും
ആവുമ്പോഴാവും
ചെലപ്പോ അത് കഴിഞ്ഞ്
മരിച്ച് രണ്ട് നഗരങ്ങളില്‍
രണ്ട് മണ്ണിനടിയില്‍
കിടക്കുമ്പോഴാവും
മണ്ണിലടിയിലൂടെ
നൂഴ്ന്ന് വന്ന്
നമ്മള്‍ കെട്ടിപിടിക്കുന്നത്
Friday, October 5, 2018
Subscribe to:
Post Comments (Atom)
മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം
1. തണുത്തുറഞ്ഞ കടലില്‍ പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...
-
വര്‍ഷങ്ങളായി പൂട്ടി കിടക്കുന്ന വീടിന്റെ മണമാണ് നിനക്കിപ്പോള്‍ നിന്റെ മുറി മുഷിഞ്ഞ ദിവസങ്ങള്‍ വലിച്ചെറിഞ്ഞ അടിയുടുപ്പുകള്‍ ധരിച്ച ദിവസങ്ങള്‍...
-
നമുക്ക് ഏറ്റവും പ്രിയമുള്ളൊരാളുടെ കൈ വിരല്‍ ആള്‍ക്കൂട്ടത്തില്‍ വിട്ടിട്ടുണ്ടോ ഏറ്റവും പ്രിയമുള്ളൊരാളുടെ പിന്നില്‍ നിന്ന് അത്രയുമാ...
-
ഒട്ടിക്കുകയും മുഷിയുമ്പോള്‍ പറിച്ച് മാറ്റിയൊട്ടിക്കുകയും ചെയ്യുന്ന ബാന്‍ഡ് ഐഡുകളാവുന്നു നാം പരസ്പരം .. ഒരു മുള്‍ക്കാട് കടക്കുമ്പോള്‍ ...
No comments:
Post a Comment