എങ്ങോട്ടും പോകാനില്ലായിരുന്നു
അല്ലെങ്കില്‍ തന്നെ അത്രയും
ചെറിയ നഗരത്തില്‍ എത്ര
ദൂരം പോകാനാണ്
പോയ വഴികളുലൂടെ അങ്ങുമിങ്ങും
പിന്നെയും പിന്നെയും
മടുത്തപ്പോള്‍ ഒരു കോഫിഷോപ്പ്
അതിന്റെ ഒന്നാം നില
വെയില്‍ വീഴുന്ന ചില്ലിനരികെ
ഫോട്ടൊ എടുക്കാനുള്ള വിഫലശ്രമങ്ങള്‍
അവിടെ നിന്നുമിറങ്ങി
നമ്മള്‍ ആദ്യം കണ്ട വഴിയേ
പോകുന്നു
എതോ കുന്നിന്റെ
മുകളില്‍ നിന്ന്
താഴേക്ക് ഓടി പോന്ന
പുഴ പോലെ ഉണ്ടായിരുന്നു
ആ വഴി
വിജനം പക്ഷേ മരങ്ങള്‍
ഒരാള്‍ അയാള്‍ക്ക് സാധ്യമാവുന്ന
അത്രയും ഉമ്മ
മറ്റൊരാളെ വക്കുന്നതെപ്പോഴാണ്
ഓടിക്കൊണ്ടിരിക്കുന്ന കാര്‍
രണ്ട് പേര്‍ മാത്രമുള്ള ദ്വീപാണ്
നമുക്ക് ഒരു പരിചയവും
ഇല്ലാത്ത ഇടം
അങ്ങോട്ട് പോയ വഴി
മറന്ന് പോവുന്നത്രയും
ഉമ്മ വയ്ക്കുന്നു
ഒന്നും പറയാത്ത ഉമ്മ
വെയിലില്‍ പല തുള്ളികളായി
മഴ പെയ്തു.
കുന്നിന്റെ മുകളില്‍
ചിലപ്പോള്‍ ഇതില്‍ കൂടൂതല്‍
മഴ പെയ്യുന്നുണ്ടാവുമെന്ന് നീ പറഞ്ഞു
മഴയില്‍ കാഴ്ച മറഞ്ഞിട്ടും
വൈപ്പര്‍ നമ്മള്‍
ഓണ്‍ ചെയ്യുന്നേയില്ല.
ഉന്മാദങ്ങളെ കെട്ടഴിച്ചു
വിടുന്ന എന്തോ ഒരു മണം
ദ്വീപില്‍ നിറഞ്ഞിരുന്നു
പൊടുന്നനെ വഴി തീരുകയും
ഒരു ടി ജക്ഷനില്‍ നിന്ന്
ഇടത് വശം തിരിഞ്ഞ്
നഗരത്തിലേക്ക്
പോവുകയും ചെയ്തു
നമ്മളപ്പോള്‍ ഒന്നും പറയാത്ത
ഉമ്മകളെ കൈമാറുകയായിരുന്നു
എന്തിനാണ് ഉമ്മ വച്ചതെന്ന് ചോദ്യത്തിനു
ഞാനെന്ത് പറയാനാണ്
തിരികെ വരുമ്പൊള്‍ ഏറെക്കാലമായി
മറന്ന് പോയൊരു പാട്ട്
ആവര്‍ത്തിച്ച ഫോര്‍വേര്‍ഡില്‍
വന്നു വീണു
No comments:
Post a Comment