Saturday, November 17, 2018

ആനന്ദം 

പാരഗണില്‍ നിന്നും 
പൊറോട്ടയും മീന്‍ കറിയും 
കഴിച്ചിറങ്ങിയ രണ്ട് പേര്‍ 
നഗരത്തിന്റെ ആമാശയത്തില്‍ 
ദഹനത്തിനു നില്‍ക്കാതെ 
ഒരേ വഴി വട്ടം ചുറ്റുന്നു
ആരോടും പറയാനാവാത്ത
ഉന്മാദം നിറഞ്ഞ 
ആനന്ദത്തിൽ

അങ്ങനെ
പെട്ടെന്ന് കണ്ടെടുത്ത
വിരലുകള്‍ക്കിടയിലെ 
മണം . അതിന്റെ തന്നെ ഉപ്പ്
ചുണ്ടിലെ ഉറക്കബാക്കി
ഇത്തിരി കൂടെ ഇരിക്കാന്‍ 
പറയുന്ന രണ്ടാം ചായ
തിരികെയെടുക്കുന്ന
നീ തൊട്ട മീന്‍പാതി
മൊരിഞ്ഞ അപ്പ കഷണം 
കള്ള കണക്കിന്റെ
ഇത്തിരി മിനിട്ടുകള്‍ 
പച്ച കുത്തിനു മേലേയുള്ള
മുയല്‍ പല്ലിന്റെ അമര്‍ത്തിയ കടി
മുന്നിലും പിന്നിലും 
വാഹനങ്ങളൊന്നുമില്ലാതെയാവുന്ന
നിമിഷങ്ങളിലെ നമ്മള്‍ 
കാണാത്ത ഉമ്മകളുടെ ദൈവങ്ങള്‍ 
നിങ്ങള്‍ കണ്ടതല്ലേ..
തെളിവിനിരിക്കട്ടെ എന്നയക്കുന്ന
എണ്ണിയാല്‍ തീരാവുന്ന മഴ
കണ്ണൊന്ന് തെറ്റിയാല്‍ 
നമ്മള്‍ വരയ്ക്കുന്നു
മുപ്പത് രൂപയുടെ
കണ്‍മഷി കൊണ്ട്
ആകാശം , ശലഭങ്ങള്‍ 
മഞ്ഞ ജെംസിന്റെ 
മഞ്ഞ നിറം 
ആരുടെ വിരല്‍തുമ്പിന്റേതാണ്
നമ്മുടെ ആനന്ദങ്ങള്‍ 
നമ്മുടെ വഴികള്‍ 
ഈ നാട്ടില്‍ നമ്മളാദ്യായാണ്
ആരോടും പറയാനാവാത്ത
ആനന്ദങ്ങളുടെ
ഈ കവിത ആരാണെഴുത്യത്


തിരികെ പോരുന്നു
ആ ചെങ്ങായി,
അതേ ദൈവം 
ഒരു വിരല്‍ ഞൊടിച്ച്
എല്ലാം പഴയത് പോലെ 
ആക്കിയിരിക്കുന്നു
പൊട്ടി പൊളിഞ്ഞ റോഡ്
തിരക്ക്, ഒരു മര്യാദയുമില്ലാതെ
വണ്ടി ഓടിക്കുന്ന തെണ്ടികള്‍ 
ഉമ്മകളുടെ ഓക്സിജൻ 
സിലിണ്ടര്‍ ഉള്ളത് കൊണ്ട്
മാത്രമെന്റെ നഗരമെത്തുന്നു ഞാൻ

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...