ഞാനൊരൂ തൂവാലയാണ്
കരച്ചിലും ദേഷ്യവും
കുറ്റവും വിധിയും
ഏല്‍ക്കുന്ന മുഷിഞ്ഞ,
വിയർത്ത തുണ്ട് തുണി
ഞാനൊരു
കാമുകനാണ്
ഒരു ശബ്ദത്തിന്റെ അറ്റത്ത്
ഉണരുകയും ഉറങ്ങുകയും
ചെയ്യുന്ന ദുര്‍ബലനായ ഒരാള്‍
ചിലപ്പോളൊരു തീവണ്ടിയാണ്
പാളം തെറ്റിയിട്ടും
ഓടിക്കൊണ്ടേയിരിക്കുന്നത്
അടുത്ത സ്റ്റേഷനെത്തുമെന്ന
ആര്‍ത്തിയില്‍ പായുന്നത്
പക്ഷേ ഇതൊന്നുമല്ല
മുഖത്ത് പല നിറം തേച്ച
കോമാളിയാണ് ശരിക്കും ഞാന്‍
വട്ടമെത്തുന്ന ഭീമന്‍ ഗാലറിയിലെ
ഒരേയൊരാള്‍ക്ക് വേണ്ടി
ചിരിക്കുന്ന, സൈക്കിളോടിക്കുന്ന,
ആയത്തിലൂഞ്ഞാലില്‍ നിന്ന്
താഴെ വീഴുന്ന കോമാളി
കളി കഴിയുമ്പോള്‍
ചായമുരിക്കുമ്പോള്‍
തണുത്ത വിരലാല്‍
മുറിഞ്ഞ് പോകുമാഴത്തില്‍
നീ തൊടുമെന്നും
ബാക്കിയാവുന്ന ഉയിരിന്റെ
പകര്‍പ്പില്‍ നിന്റെ
വിരലടയാളം പതിയുമെന്നും
ഓര്‍ത്തിങ്ങനെ
കണ്ണടച്ചിരിക്കുന്നൊരാൾ
അപ്പോള്‍ ഞാനും നീയും
ചേര്‍ന്ന് ഒരു കുമിളയാകും
എന്നിട്ട് പൊട്ടിപ്പോവുമ്പൊള്‍
പിടക്കുന്ന ചെതുമ്പലുകള്‍
നിറഞ്ഞ രണ്ട് മീനുകളായി
നമ്മള്‍ നമ്മളെ
ജലത്തിനും ഭൂമിക്കും
പരിചയപ്പെടുത്തി കൊടുക്കും
ചിര(അ)പരിചിതരായ
രണ്ടോർമ്മകളെ.
No comments:
Post a Comment