Friday, November 30, 2018

മുരിങ്ങാപൂവുകളെ കുറിച്ച്


പറഞ്ഞ് പറഞ്ഞ് 
എഴുതി എഴുതി 
കേട്ട് കേട്ട് 
മടുത്ത് പോയൊരു വാക്ക്
ജീവിതം
എത്ര പെട്ടെന്നാണ്‌ 
മരിച്ച് പോയത്

ഞാനാണെങ്കില്‍ 
ഒന്നും അരോടും 
പറയാതേയും 
കേള്‍ക്കാതെയും 
മരിച്ച് പോകുന്നതിനെ
കുറിച്ച് ഓര്‍ത്തിരിക്കുന്നു

ഒരു ദിവസം മുറി 
തുറക്കാതിരിക്കുമ്പൊള്‍ 
തല്ലിപ്പൊളിച്ച് 
തുറന്ന് നോക്കുമ്പോള്‍ 
മരിച്ച് കിടക്കണം 
ചുരുട്ടി പിടിച്ച കയ്യില്‍ 
കാണുമെന്റെ 
ബ്ളാക് ബോക്സിന്റെ
താക്കോല്‍ 

കാണുന്നവരൊക്കെ
അത്ഭുതപ്പെടും 
മനുഷ്യനും 
ബ്ളാക്ക് ബോക്സോ എന്ന്
ചിലര്‍ ആശങ്കപ്പെടും 
ഇവന്‍ എന്ത് നാശമാണോ
ഇതില്‍ പതിച്ചിരിക്കുന്നത്
എന്നോര്‍ത്ത്
മരിക്കുന്നവന്‌ അങ്ങ്
മരിച്ച് പോയാപ്പൊരേ
എന്നോര്‍ത്ത്
പ്രാകും 

കാശു കടം മേടിച്ചവര്‍
കടം തന്നവര്‍ 
സ്നേഹിച്ചവര്‍ 
പറ്റിച്ചവര്‍ 
കാമിച്ചവര്‍ 
അവസാനമായി
പ്രണയിച്ചവര്‍ 
അങ്ങനെ പല പേര്‍ 
കാതോര്‍ക്കും 
കണ്ണോര്‍ക്കും 

എന്നാലും അതൊന്നും 
ആവില്ല, 
ആരേ കുറിച്ചും പറയില്ല
ജീവിച്ചിരുന്നപ്പോള്‍ 
ആരോടും 
പറയാതെ പോയ
എവിടേയും രേഖപ്പെടുത്താതെ പോയ
വേറെ ഒരാള്‍ക്കും വായിക്കാനാവാത്ത
അപരിചിത ഭാഷയില്‍ ആവും 
അതെഴുതപെട്ടിട്ടുണ്ടാവുക
അത് വായിക്കേണ്ട ആള്‍ 
ഫോണ്‍ എടുക്കാത്തതെന്തെന്ന് 
ആശങ്കപ്പെട്ട് 
മെസേജുകള്‍ക്ക് മറുപടി
വരാത്തെതെന്തെന്ന് 
ആധി പിടിച്ച്
വെരുകിനെ പോലെ
അങ്ങുമിങ്ങും 
നടക്കുകയാവും 

ഫേസ്‌ബുക്കിലെ 
അപ്ഡേറ്റിലോ 
ഇന്സ്റ്റാഗ്രാമിലോ
എവിടെയെങ്കിലും 
വായിച്ചറിയുമ്പോഴാവും 
ഒരു കരച്ചില്‍ കൂടെ
അടക്കാന്‍ പാകത്തിനു
മുറി തുറക്കുക 
പിന്നെയത് എന്നേക്കുമായി
അടക്കുക 

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...