മരിച്ച് പോയ രണ്ട് പേരിങ്ങനെ
ചേര്‍ന്ന് കിടക്കുന്നു
ജീവിച്ചിരുന്നപ്പോള്‍
ഒരിക്കലും ചുംബിക്കാതിരുന്ന
രണ്ട് പേരാണെന്നിരിക്കട്ടെ
ചുണ്ടിലെ ഉമ്മയ്ക്ക്
ചൂടും തണുപ്പും
രുചിയുമുണ്ടെന്ന്
ഇനിയെങ്ങനെ പറയും
പറഞ്ഞാലവര്‍ കേള്‍ക്കുമോ
ഒരു വാക്കും മതിയാവതെ
വരുമ്പോഴാണ്
വാക്കുകളൊന്നും വേണ്ടാത്ത
ഉമ്മയില്‍ പ്രാണനടിയുന്നതെന്ന്
ആരോട് പറയും
അമര്‍ത്തി പിടിക്കാവുന്ന
ഒരു ഡീഫ്രോസ്റ്റ് ബട്ടണ്‍ ഉണ്ടാവുമോ ഉള്ളില്‍
ഒരു ഔചിത്യവുമില്ലാതെ
കോളിങ്ങ് ബെല്‍
അമര്‍ത്തിപ്പിടിക്കുന്ന
ഒരു അതിഥിയായാലോ
അല്ലന്നേ ഒന്നിനുമല്ല
ഇടത് കൈ കൊണ്ട്
മുടി പിന്നിപ്പിടിച്ച്
ഉമ്മ വയ്ക്കാമെന്ന് ഒന്നു
പറഞ്ഞു കൊടുക്കാന്‍
പിന്നെ വേണമെങ്കില്‍
മരിച്ച് പൊക്കോട്ടെ
No comments:
Post a Comment