ദൈവം ഉണ്ടോ ഇല്ലയോ
എന്നൊന്നും എനിക്കറിയില്ല.
ഉണ്ടെന്നിരിക്കട്ടെ
പ്രാര്‍ത്ഥിച്ച് പ്രാര്‍ത്ഥിച്ച്
നിന്നെ ഞാനൊരു ഓറഞ്ച്
മരമാക്കും.
പിച്ചി വള്ളികള്‍
എമ്പാടും പടര്‍ന്നൊരു
ഓറഞ്ച് മരം
ഇനിയിപ്പോള്‍
ദൈവമില്ലെന്നിരിക്കട്ടെ
അവസാനത്തെ ഉമ്മ പോലെ
അമര്‍ത്തിപിടിച്ച
ആ ഒരൊറ്റയുമ്മ കൊണ്ടാവും
അപ്പോഴാവും
പെരുമഴയുള്ള
ഏതോ ദേശത്തില്‍ നിന്നു
നമുക്ക് മാത്രമായുള്ള
അടയാളമായി ആ മഴ വരിക
ഇപ്പോള്‍ മഴയോ എന്ന്
കുടയെടുക്കാത്തവര്‍
കടയോരങ്ങളിലേക്ക്
തിരക്കുമ്പോള്‍
കൈ മറയാക്കി
ഓടുമ്പോള്‍
ഒന്നു മിണ്ടാതെ വിരലുകള്‍
മുറുകെ പിടിച്ച്
നമ്മളാ മഴ കൊള്ളും
വര്‍ഷങ്ങള്‍ കഴിഞ്ഞാണിനി
കാണുന്നതെങ്കില്‍
തലേന്നത്തെ മഴ പോലെ
നമ്മളോര്‍ക്കും
എങ്ങോട്ടെന്നില്ലാതെ
ഓടിച്ചു പോയ വഴികള്‍, ഇടങ്ങള്‍
എണ്ണമില്ലാത്ത കിലോമീറ്ററുകള്‍
തണുത്ത ചോക്കളേറ്റ്
ഉള്ളു പൊള്ളയായ ഒരു
മുത്തശ്ശി മരം
അതിനുള്ളില്‍ ഉമ്മ വച്ചു നില്‍ക്കേ
മുറി കൂടിയ ഉള്ള്
ഇപ്പോള്‍ വേനലില്‍ പൊഴിയുകയും
വസന്തത്തില്‍ പൂക്കുകയും
ചെയ്യുന്നുണ്ട് നമ്മള്‍
എന്നില്‍ നിന്ന് നിന്നിലേക്ക്
പടര്‍ന്ന് പിന്നെ എന്നിലേക്ക്
പടര്‍ന്ന ആ മണം അവിടെങ്ങും
പരക്കുന്നുണ്ട് പോലും
പേരറിയാത്ത ഒരു പൂവ്
പേരില്ലാത്ത നമ്മള്‍
No comments:
Post a Comment