നിന്നിലേക്കെത്തുന്ന സന്തോഷം നിറച്ച
എല്ലാ പാണ്ടി ലോറിയും എന്റെ
പാലത്തിലൂടെ കടന്ന് പോണം
നിന്റെ എല്ലാ സന്തോഷവുമ്
എന്നിലൂടെ ആവണം
നിന്റെ ചിരികള്‍ ആരവങ്ങള്‍ ഉന്മാദങ്ങള്‍
പിണക്കങ്ങള്‍ കുശുമ്പുകള്‍ അസൂയ
അങ്ങനെ നീയുമായി ബന്ധപ്പെട്ട
എല്ലാ ക്രയവിക്രയങ്ങളും
എല്ലാ ചര്‍ച്ചകളും
ഉഭയ കക്ഷി സമാധാനങ്ങളും
വെടി നിര്‍ത്തലുകളും
എല്ലാം എന്നിലൂടെ കടന്ന് പോകണം
ഹാ.. എന്തൊ സ്വാര്‍ത്ഥന്‍ എന്നല്ലേ,,
അതേ.. സ്വാര്‍ത്ഥന്‍ ആണ്
കുശുമ്പന്‍ ആണ്
വഴക്കാളി ആണ്
നീ കരുതുന്നുണ്ടാവും
ഇങ്ങേര്‍ക്ക് നാണമാവില്ലേ എന്ന്
ഇല്ല നാണമില്ല
കത്തിക്കൊണ്ടിരിക്കുന്ന
ഒരു കെട്ടിടത്തില്‍ നീ മാത്രം 'രക്ഷപെടണേ
ബാക്കി എല്ലാരും ചത്തു പോയാലും
എന്നോര്‍ക്കുന്ന
എല്ലാ തീപ്പെട്ടി കൊള്ളിയും
കത്തി പോയാലും നീ മാത്രം കത്തല്ലേ എന്നോര്‍ക്കുന്ന
അത്ര പിശുക്കന്‍ അത്ര സ്വാര്‍ത്ഥന്‍
ആരു എന്തുടുപ്പിട്ടാലും പ്രശ്നമില്ല
നീ സ്ലീവ്‌ലസ് ഇടരുത് എന്ന് ആഗ്രഹിക്കുന്നില്ലേ
അത്രേ ഉള്ളൂ
ആരു വേണേല്‍ വെള്ളമടിച്ചോട്ടേ
നീ വേണ്ട
എന്ന് ആഗ്രഹിക്കുന്നില്ലേ
അത്രേ ഉള്ളൂ
എത്ര വെയിലാണെങ്കിലും നീ പോകുന്ന
വഴി നിറയെ തണല്‍ മരങ്ങള്‍
വേണമെന്നൊക്കെ ഓര്‍ക്കുന്ന
ക്ലീഷേ , അല്ല അത്രയേ ഉള്ളൂ
ഒരു വീഡീയോ കോളില്‍
ലൈറ്റ് കെടുത്തിയ ശേഷവും
നീ മിണ്ടൂമ്പോള്‍
സദാ പിടഞ്ഞു കൊണ്ടിരിക്കുന്ന
കണ്ണുകള്‍ കാണണമെന്ന
മിണ്ടാന്‍ വെമ്പുന്ന ചുണ്ടുകളൊന്ന്
കാണണമെന്ന അത്യാര്‍ത്തിയില്ലേ
അത്രയേ ഉള്ളൂ
സത്യത്തില്‍ ഈ കാറ്റില്ലേ കാറ്റ്
അത് ഉണക്കാനിട്ടിരിക്കുന്ന
തുണീകളോട് ചെയ്യാന്‍
പോകുന്നതെന്തെന്ന്
മുന്‍ കൂട്ടി അറിയാന്‍ പറ്റോ
ചെലപ്പോ പറത്തി കൊണ്ട് പോകാം
ഉണക്കാം , കൂട്ടി കുഴക്കാം
പ്രണയം സാധുവായ എന്നോട്
ചെയ്യുന്നതെന്ത് കാറ്റേ,
കാറ്റായ നീയേ
ഉറങ്ങാത്തവര്‍ക്ക് മാത്രം
മനസിലാവുന്ന ഭാഷയുണ്ട്
ചില കരച്ചിലുകള്‍
അമര്‍ത്തിയ കാലൊച്ചകള്‍
ദൈവം വരുന്ന സമയം
കുഞ്ഞീ
നിന്നെ അത്രെം ഇഷ്ടമാണെന്ന്
എനിക്കത്രയും ജീവനാണെന്ന്
നിനക്കറിയാവുന്ന ഭാഷയില്‍
പരിഭാഷപ്പെടുത്തി കൊടുത്തു
വിട്ടിട്ടുണ്ട്
നിനക്ക് വായിക്കാന്‍ പറ്റുന്നതിലും
അധികം വരികള്‍ കാണും
വായിക്കണം
ഏതോ ബോംബ് ഉണ്ടാക്കുന്ന
ഒളി സ്ഥലത്ത് പണിയെടുക്കുന്നവനാണ്
എപ്പോള്‍ വേണമെങ്കിലും
കൈ തകര്‍ന്ന് പോകാവുന്നവനാണ്
അപ്പോഴും നിന്റെ വിരലിന്റെ
തണുപ്പ് സൂക്ഷിക്കുന്നവനാണ്
"മ്മ" എന്നൊരു വാക്കില്‍
ഒരുമ്മയുടെ ശ്വാസവും
അമര്‍ത്തിപ്പിടിക്കലും
കെട്ടിപ്പിടിക്കലും ..
ഹോ ! പ്രണയമേ
ജീവനേ
ജലമേ
ആകാശമേ
വാക്കേ
ആഴമേ
മുറിവേ
നീയേ
നീയില്ലാതെ/ നീയല്ലാതെ
ഒന്നുമില്ലെന്ന്
പറയാന്‍ ഒരു ഭാഷ വേണം
അല്ലെങ്കിലൊരു വാക്ക് വേണം
ആ ഒരു വാക്ക് പറയുമ്പൊള്‍
ഞാനോ നീയോ ഒരാള്‍
മരിച്ചോണം
പിന്നെ ഒരാളേ പാടുള്ളൂ
അയാളിങ്ങനെ
മരിച്ച് മരിച്ച് മരിച്ച് പോവണം
നീയില്ലാതെ ഞാനെങ്ങനെ
ചിരിക്കുമെന്നോര്‍ത്ത്
കരഞ്ഞ കരഞ്ഞ്
മരിച്ചോണം
എന്തൊരു സ്വാര്‍ത്ഥന്‍ എന്നല്ലേ...
അതെ!
No comments:
Post a Comment