Monday, August 12, 2019

ഒരു ബൊഹീമിയന്‍ ഹൈക്കു

പ്രണയം എന്ന് വാക്ക് തിരിച്ചും മറിച്ചുമെഴുതാം
നിന്റെ മെല്ലിച്ച വിരലുകള്‍
അതിലെ തണുപ്പ്
അത് വരുന്ന വഴി
കൂടെ ഉള്ളവരെല്ലാം പെയ്തു പോയിട്ടും
പെയ്യാതെ നില്‍ക്കുന്ന മേഘമില്ലേ.
അങ്ങനെ ഒന്ന്..

ഞാനോ നിന്നിലേക്ക് കുനിയുന്ന
ഒരു മരത്തിന്റെ ഇല
വരണ്ടുണങ്ങിയ ഒരു തോട്ടത്തിലെ
ഒരു ചെടിയാണ്..


ഉറക്കം കനക്കുമ്പോള്‍
അരികില്‍ വരുന്ന ഒരുവളുണ്ട്
ഒരു കാണാതൂവാല കൊണ്ട്
കണ്ണില്‍ തൊടൂം
ഞാനുറങ്ങി പോകും
ഒരു കവിള്‍ നിറയെ വെള്ളം
കൊണ്ട് നീയെന്നെ നനക്കും
ഓര്‍മ്മയെന്ന ഒരു കൂറ്റന്‍ മല്‍സ്യം
വിഴുങ്ങിയാതാണെന്നെ

ഇന്നുറങ്ങി കിടക്കുമ്പോള്‍
നിന്റെ മുക്കുത്തി
സ്വപ്നം കണ്ടു
ഒരൊറ്റ കല്ലു വച്ച്
റിങ്ങില്‍
എത്ര ഉമ്മ വയ്ക്കാന്‍ തോന്നിയെന്നോ
സത്യത്തില്‍ നിന്നെ ഉമ്മ വക്കും പോലെ
വേറൊന്നില്ല..
നനഞ്ഞ ഉമ്മ പോലെ..
അമര്‍ത്തി പിടിച്ച്
അല്ല പിടയുന്ന നിന്നെ അമര്‍ത്തി പിടിച്ച്
:) :) :)

തീ ഞാനാരോട് വാങ്ങും നിന്നോടല്ലാതെ



നോക്ക്...
മഴ പെയ്യുവാന്‍ പോകുന്നു
ഒരു മേഘം പോലുമില്ല
പക്ഷേ
നമ്മളെ പോലെയാണ്
വെയിലില്‍ പെയ്യുന്നു
മഴയെന്ന് തോന്നും

ഒരു ബൊഹീമിയന്‍ ഹൈക്കു നീ
മൂന്നു വരിക്കവിത
ചിമ്മിനിയുള്ള വീട് പോലെ
നിറയെ പൂക്കളുമായി വരുന്ന
ഒരു ഉന്തു വണ്ടിക്കാരന്‍
നിന്റെ വീടിന്റെ മുന്നില്‍ വരെ
ഞാനയാളെ കണ്ടിരുന്നു
പിന്നെ നോക്കുമ്പൊള്‍
വായുവില്‍ എന്ന പോലെ
അലിഞ്ഞ് പോയിരുന്നു

മരിക്കും പോലെ..
അതിലേറെ നിന്നെ പ്രണയിക്കുന്നു
എന്നു പറയാന്‍
മഴയുള്ളപ്പോള്‍
ഇരുള്‍ വീഴും മുന്നേ
ഒരു മരത്തിലെ ഒരിലയില്‍ മാത്രം
വീശുന്ന വെളിച്ചമില്ലേ
എതോ ഒരു കീറിലൂടെ താഴേക്കെത്തുന്ന
ആ വെട്ടത്തിന്റെ ഒരല
അതില്‍ തെളിയുന്ന പച്ച
അതാണ്... നീ
പിന്നെ നാം ഏറെ നാള്‍
കണ്ടതേയില്ല..
ഏറെ നാള്‍ ..

കണ്ടിട്ടേറെയായി
എങ്കിലും ..
ഉടഞ്ഞ തുണ്ടുകള്‍ കൊണ്ട്
നീയൊട്ടിച്ച് തന്ന
കാപ്പി കപ്പിലാണ്
ഞാനിപ്പോഴും എന്റെ
വൈകുന്നേരങ്ങളിലെ
കാപ്പി കുടിക്കുന്നത്

കാലങ്ങളിപ്പോഴും വരവും
പോക്കുമുണ്ട്
ഇത് ഒരു അനക്കവുമില്ലാത്ത രാത്രി

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...