ഞാൻ ഒരു മാന്ത്രികനാകുന്നു,
നിന്നോടൊപ്പമുള്ളപ്പോള്‍ മാത്രം
വസന്തമാണോ നീ ?
41-ലധികം ഭ്രാന്തൻ ഉന്മാദങ്ങള്‍
പരുക്കേറ്റ ഒരു എയ്ത്തു നക്ഷത്രം
ഇക്കാറസ് പറന്ന സൂര്യാകാശം
ഉരുകിയ മെഴുകു ചിറകുകള്‍
നിലം പൊത്തിയ ഒരു പൊള്ള മരം
അഴുക്ക് പന്നിക്കൂട്ടം, അവിടെ ഒറ്റക്കൊരു കാക്ക
കാഞ്ഞിരത്തിന്റെ ഉണക്കിലകള്‍
പൊതിഞ്ഞ് ഒരു അവധിക്കാല വീട്
കടലും , ലൈഫ് ഗാര്‍ഡും നീയാണ്
നിന്റെ ഹൃദയമിടിപ്പിന്റെ
കഷണങ്ങള്‍ കുക്കീബിസ്‌കറ്റുകള്‍
എറ്റവും അറ്റത്തെ തുന്നല്‍ നൂല്‍ വിട്ട ഉടുപ്പ്
18 ഡിഗ്രീ സെല്‍ഷ്യസ് നും താഴെ തണുപ്പ്
കാലറ്റം എത്താത്ത പുതപ്പ്
മഞ്ഞ് പ്രഖ്യാപിച്ച കര്‍ഫ്യൂ
വസ്ത്രവും ശവങ്ങളും
നമ്മുടെ മുറിവുള്ള ആത്മാക്കൾ
ഇടിഞ്ഞ് വീഴാറായ മതിലിനരികില്‍
ഒളിച്ചു നിന്ന് നമ്മളൊരു
ചുംബനം ലൂപ്പിലേക്കിടുന്നു
ദൂരെ ഒരു കവണയിലെ കല്ല്
എന്റെയും നിന്റെയും
തലയിലേക്കാരോ
ഉന്നം പിടിക്കുന്നു
വഴി തെറ്റിയ പൂച്ചകള്‍ വാതിലില്‍
അമര്‍ത്തി മാന്തുന്നു
രണ്ട് ഋതുക്കളുടെ ഇടയില്‍
അതിസന്തോഷം തേടുന്ന
ദേശാടന മൃഗങ്ങൾ മാത്രമാണ് നമ്മള്‍
നമ്മുടെ വിശുദ്ധ നക്ഷത്രം
മരുഭൂമിയിലെ നിഴൽ മേലാടകള്‍
കാറ്റ് വിരിപ്പുകള്‍
ഭയം നിറഞ്ഞ ഉഷ്ണക്കാറ്റ്,
മുറിച്ചു കടന്നു പോകുന്ന
ഉരുക്ക് റെയിലുകൾ,
വെയിലിന്റെ കീറുകള്‍ ,
തിളങ്ങുന്ന നദിയുടെ
ആഴത്തിലേക്ക്
ദാഹത്തിന്റെ
അധിനിവേശം.
ഉപ്പുവെള്ളം, ഒലിവ് കായ്കള്‍
യവം, ഗോതമ്പ്
ചെറുനാരങ്ങകൾ,
നിന്റെ മൂക്ക്, ചെവി
കവിളുകളും
മുഖവും വിരലുകളും
കണ്ണുകളുടെ പച്ച നിറം
നിറമില്ലാത്തതും
വിളറിയതുമായ നമ്മുടെ ഫോട്ടോ,
കനത്ത രജായി
ഓർമ്മകളെ മറികടക്കാൻ;
മൃതദേഹമില്ലാതെ ശവപ്പെട്ടി.
തെരുവുകളില്‍ കീറിപ്പറിഞ്ഞ
പെണ്ണുങ്ങള്‍
ഐസിയുവിലാണെന്നപോലെ
അവളെ വെറുതെ വിടുക
വിശ്രമിക്കാൻ മൗനം ആവശ്യമാണ്
ചില ദിവസങ്ങളിൽ ഞാൻ സമരം ചെയ്യുന്നു.
ചില ദിവസങ്ങൾ എന്റെ ഉറക്കത്തിൽ
ഞാൻ മുങ്ങിത്താഴുന്നു
വിടവാങ്ങൽ എന്നെ മാറ്റിമറിക്കും
പക്ഷേ.. എനിക്ക് ഒരു ആലിംഗനം വേണം,
അതി കഠിനമായ ഒന്ന്
അത്ര നീളത്തില്‍
നമ്മള്‍ക്ക് കടക്കുവാനുള്ള ഒരു പാലമുണ്ട്
ഞാന്‍ കൈകള്‍ തുറന്നു കാട്ടുന്നു
ശൂന്യം
ഒരു ചിത്രശലഭം, പ്രാവ്,ഒരു പൂച്ചെണ്ട്
ഒരു പെണ്‍കുട്ടിയുടെ മുടിയിതള്‍
"അബ്രകഡബ്ര"
കാണാതാവുന്നു
"അബ്രകഡബ്ര"
തിരികെ വരുന്നു
നാലു മണി പതിനേഴുമിനിട്ട് നാലു സെക്കന്റ്.
പിന്‍ ഊരിയ ആ ബോംബ് ഇപ്പോള്‍
പൊട്ടി തെറിക്കും
ഓടണോ ഒന്നിച്ചിരിക്കണോ
നമുക്ക് ഒന്നിച്ച് കെട്ടിപിടിച്ചിരുന്നാലോ
ചിതറുമ്പോള്‍ കൈ അരികില്‍
കാല്‍ അരികില്‍ കണ്ണ് അരികില്‍
ശിരസ്സ് അരികില്‍
ഹാ...
നമുക്ക് അങ്ങനെ മരിച്ച് പോയി
കൊണ്ടേ ഇരിക്കാം

No comments:
Post a Comment