Wednesday, September 4, 2019

ആനന്ദം

1.

മിണ്ടാതിരിക്കുകയാണ്
ഏറേ നേരമായി
കോഫി കപ്പ്, നീല മേശ.
ചിറകനക്കാതെ പറക്കുകയും
ആഴക്കടലില്‍ ചിറകുകള്‍ തുറക്കുകയും
ഏകാന്തനായ കടൽ പക്ഷിയെപ്പോലെ
ഞാനിങ്ങനെ / നീയിങ്ങനെ ഇരിക്കുന്നു
നമ്മളിപ്പോഴും മിണ്ടുന്നതേയില്ല

നീയപ്പോള്‍  വിരലുകള്‍ കൊണ്ട്
ആരുടേയോ ഓര്‍മ്മയുടെ
ആകൃതിയില്‍ ഉള്ള
ശൂന്യതയുടെ വക്കിലൂടെ
വിരലോടിക്കുകയായിരുന്നു

2.

ചില നാലുമണി പുലര്‍ച്ചകളില്‍
ഏകാന്തത അതിന്റെ ഏറ്റവും
കൂര്‍ത്ത വേരുകള്‍
ആഴ്ത്തുന്നതിനിടയില്‍
ഞാനാ കുത്തൊഴുക്ക്
അറിയാറുണ്ട്

സിരകള്‍ വന്നവസാനിക്കുന്നിടത്ത്
എന്റെ മുറിവുകള്‍ 
തുറക്കുന്ന വെള്ളച്ചാട്ടങ്ങള്‍ 
അവ വെള്ളപ്പൊക്കം കൊണ്ടു വരുന്നു
ഓര്‍മ്മ മണക്കുന്ന ഒരു ചെന്നായ
മരിച്ചൊഴുകുന്ന മൃഗങ്ങളുടെ
ഗന്ധത്തിലതിനു വഴി തെറ്റൂന്നു

ജലം, വായു അതേറ്റവും മൂര്‍ച്ചയേറ്റും
ഓര്‍ത്തെടുക്കുന്ന വാക്കുകള്‍
മിനുക്കി രാകിയ
ഏതോ ലോഹത്തിന്റെ തിളക്കത്തില്‍
മിനുങ്ങും
സത്യത്തില്‍ വാക്കുകളെല്ലാം
നിശബ്ദമായിരിക്കുമ്പോഴും
ഒന്നുമില്ലാതെയിരിക്കുമ്പോഴും
ഒട്ടും പ്രതീക്കാതെയെത്തുന്ന
വിരുന്നുകാരനാണ്


3

കാട്ടിൽ ഒരു മരം വീണാൽ
നമ്മള്‍ മാത്രമേ അത് കേൾക്കൂ -
നിലത്തു വീഴുന്ന ശബ്ദം ഇല്ലെങ്കിൽ,
നമ്മള്‍ അപ്പോള്‍ അവിടെയിലെന്ന്
ഭയന്ന് പരിഭ്രാന്തരാകുമോ,
അല്ലെങ്കിൽ നമ്മുടെ ശൂന്യതയുടെ
ആനന്ദം നമ്മള്‍ കണ്ടെത്തുമോ

അവസാനമായി,
ഞാൻ നിങ്ങളോട് ഇത് ചോദിക്കട്ടെ:
നീയും ഞാനും നടക്കാൻ പോകുമ്പോള്‍
മുഴുവൻ നേരവും നമ്മളൊന്നും മിണ്ടിയില്ല

നമ്മളൊടുവില്‍ ചുംബിക്കുമെന്ന്
നീ കരുതുന്നുണ്ടോ?

നമുക്കിപ്പോളൊരു കടലാസില്‍
ഒരു വരി കവിത എഴുതാം
എന്നിട്ടതിനെ ഇന്നേ വരെ കണ്ടു
പിടിക്കാത്ത ഒരു ഋതുവിന്റെ
പേരെഴുതാം 

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...