Wednesday, January 8, 2020

മരിച്ചവരെ ഭൂമിയിലേക്ക് വിടൂ

1.
ഇന്നു ഇപ്പോ വേണമെന്നല്ല
എപ്പോഴെങ്കിലും
അത്ര വൈകണ്ട എന്നാലും
നിന്റെ നീണ്ട മുടി പിന്നി തരണമെനിക്ക്
കാതില്‍ കടിക്കുകയോ
പിന്‍ കഴുത്തില്‍ ഒന്ന് വിരല്‍ കൊണ്ട്
തൊട്ട് ചാഞ്ഞ് വീണ പുല്‍കൂട്ടങ്ങളില്‍
കാറ്റ് പിടിക്കുന്നതറിയുകയോ ചെയ്യണം

ഇതൊക്കെ നമ്മളുറക്കത്തില്‍
മിണ്ടിക്കിടക്കേ സ്വപ്നം
കണ്ടതെന്ന് നീ കരുതും
അപ്പോഴാവും ഉറക്കമുണരുമ്പോള്‍
ഏറെ നേരം ഉമ്മ വച്ച് വലത്
ചെവിയുടെ തിണര്‍പ്പ്
കാണുന്നത്

രണ്ട് കോമ്പല്ലുള്ള ഏതോ
ഡ്രാക്കുള പിശാച്
കടിച്ചതാവുമെന്ന്
നീ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്

ഞാനും നീയും ചെലപ്പോ പെട്ടെന്നു വൃദ്ധരാവും
പുറത്തു പറയാൻ പാടില്ലാത്തതും
പറഞ്ഞാൽത്തന്നെ ആരും വിശ്വസിക്കാത്തതുമായ
ഒരു രഹസ്യം നമ്മുടെ ഇടയില്‍
അവശേഷിക്കും
ചുണ്ടും വായും റിജക്‌ട് ചെയ്ത
ചില രഹസ്യങ്ങളില്ലേ
ഉള്ളില്‍ എവിടെയോ കുഴിച്ചിട്ട്
കല്ലു നാട്ടിയത്

കാട്ടു മരങ്ങളുടെ ഇലകള്‍
കിളികള്‍ കാറ്റ് മഴ
ഒക്കെയും അതിനെ കുറിച്ച്
അടക്കം പറയുന്നുണ്ടാവാം
ഇടിമിന്നലില്‍
പൂക്കുന്നുണ്ടാവണം 

മരണത്തെയും മരിച്ചവരേയും പ്രൊസസ്സ്
ചെയ്യുന്ന ഓഫീസില്‍ കെട്ടിക്കിടക്കുന്ന
ഇനിയും പുറപ്പെടാത്ത
ആംബുലന്‍സുകള്‍ക്ക്
ഇന്ന് ഒഴിവു ദിവസമാണോ 
മരിച്ചവര്‍ എത്രയുണ്ടായിട്ടെന്താ
എന്തൊരു ഏകാന്തത
എന്തൊരു തണുപ്പ്


ട്രാഫിക്കില്‍ പച്ച ചുവപ്പാവുന്ന ഒരു ഇടവേള
ആ ഇടവേളയില്‍ പാഞ്ഞ്
കടന്നു പോകുന്ന വണ്ടി
നിന്റേത് ആണ്
മഴയല്ല
വേനലിന്റെ തവിട്ട് പൊടിയെ
തുടച്ചു മാറ്റുന്ന ഒരേ ചലനം
ആവര്‍ത്തിക്കുന്ന വൈപ്പര്‍
തെളിയുന്ന നിന്റെ മുഖം

സീറ്റിന്റെ പിന്നില്‍ നിന്ന്
കഴുത്തില്‍ തൊടൂന്നത്
ഉമ്മയുടെ ചുണ്ടീന്റെ തണൂപ്പല്ല
മിനുക്കമുള്ള ഒരു ലോഹത്തിന്റെ
പോയന്റ് ബ്ലാങ്കിലെ
ഒരു ചേര്‍ത്ത് പിടിക്കല്‍
പൊട്ടിപ്പോവുന്ന ബലത്തില്‍
മുറുകിയ സ്‌ട്റിങ്ങില്‍ ഒരു വിരല്‍ ..


ആരാണ്‌ ?

ഉടൽ വിറക്കുന്ന ആ ചോദ്യം
ഞാൻ അപ്പോള്‍ ഒരു മിടിപ്പിന്റെ ഒച്ച മാത്രം കേട്ടു,
എന്റെ ചെവിക്ക് കേൾക്കാൻ മാത്രം പതിയെ
വളരെ പതിയെ

2.

ആകാശങ്ങളില്‍ പാര്‍ത്തിരുന്ന
ഒരാളെ ഞാന്‍ കണ്ടൂമുട്ടൂന്നു
നക്ഷത്രങ്ങള്‍ മിന്നുന്നത്
പിന്നെയിടയ്ക്ക്
കത്തി വീഴുന്നത്
എനിക്കിപ്പോഴെന്തിനെന്നറിയാം
നീ വിശ്വസിക്കുമെങ്കില്‍

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...