Friday, March 13, 2020

ശ്വാസം


ഇന്നൊരു വെറും ദിവസമാണ്
നേരം വെളുത്തു ഇരുട്ടി
ഒന്നുമറീയാതെ വെളുക്കുകയും ചെയ്യൂം
ജീവനേ പ്രത്യേകിച്ച്
ഒരു കാരണവും ഇല്ലാതെ
ഒരുമ്മ പോലും വക്കാതെ നമ്മളിന്ന്
കെട്ടി പിടിച്ച് ഉറങ്ങും
ഇടയില്‍ എവിടെയോ
എപ്പോഴോ പാല പൂക്കും
നിറയെ സുഗന്ധ ദ്രവ്യങ്ങള്‍
നിറച്ച് നിന്റെ അലമാര
തുളച്ചും വരുമത്
പാലപ്പൂവിന്റെ പെര്‍ഫ്യും
വില്‍ക്കുന്ന കട തെരക്കി
നമ്മളെപ്പോഴാണ്
പോകുന്നത്
പൊഴിയുന്ന ഇലകള്‍
കൊണ്ട് വേലിയേറ്റവും
വേലിയിറക്കവും
ഉണ്ടാക്കുന്ന കടല്‍ക്കാട്

നിന്റെ നീല ഫൈറ്റര്‍
മീനിന്റെ ബൌള്‍ ഇറക്കി വക്ക്
എനിക്കെന്റെ ചോന്ന മീനിന്റെ
ബൌള്‍ വക്കണം ചാരേ..
അവര്‍ പ്രേമത്തിലാണെടോ

പൊങ്ങി വന്ന് പൊട്ടുന്ന ഓക്സിജന്‍
കുമിളയുടെ അകത്തുള്ള
നീയല്ലേ.. അല്ലേ . അല്ലേ..
കാമുകിമാരുമായുള്ള
ഫോണ്‍ വിളികള്‍
എന്തൊരടക്കിയ ശബ്ദം
വാഹ്.. എന്നേക്കുമായി
കുത്തിവരക്കപ്പെട്ട വാക്ക്


ടി വിയില്‍ നിന്നു കണ്ണെടുക്കാതെ
ചുരുണ്ട് കൂടി കിടക്കുന്നു നമ്മള്‍
ചുറ്റി പിടീച്ചിരിക്കുന്നു
കുതറിച്ച് കൊണ്ട് നിനക്ക്
ചെതുമ്പലുകള്‍ മുളയ്ക്കുന്നു
സ്വര്‍ണ്ണ നിറത്തില്‍ വാല്‍
മുളക്കുന്നു.. മീനേ
കന്യകയല്ലാത്തതിനാല്‍
നിന്നെ ഞാനെന്ത് വിളിക്കും
നിനക്ക് മൂന്ന് വെള്ളി ശല്‍ക്കങ്ങള്‍
ഉണ്ടോയെന്ന് നോക്കട്ടെ

ഓറഞ്ച് നിറമുള്ള മേക്കപ്പ്
നിനക്കിട്ടതാരാണ്
മൂക്കിലിങ്ങനെ കോമാളി
വട്ടം വരച്ചതാരാണ്
മൂന്നാക്കി മുറിക്കാം
ചൂഴ്‌ന്നെടുക്കാത്ത
കണ്ണെനിക്ക് വേണം
ഉടയാത്ത ഉടല്‍ വേണം
ചാട്ടുളി പോലെ മിനുങ്ങുന്ന
തിരമാലകള്‍ ഉയര്‍ത്തുന്ന
വാലറ്റവും

ജീവനേ നിന്നെ മുറിച്ചെടൂക്കട്ടെ ?

അതിനു മുന്നേ എന്നെ ജീവനോടെ
കൊരുത്ത ചൂണ്ട വിഴുങ്ങുക
അത്ര ആര്‍ത്തിയിലെന്ന് തോന്നണം
സത്യത്തില്‍ എനിക്കാണാര്‍ത്തി
നിന്റെ ഉള്ളിലെത്താന്‍

“നീയേ” ഞാന്‍ പറയുന്ന ഒരേ വാക്ക്,
നിനക്കത് ശരിയായി ഗ്രഹിക്കാൻ പോലും കഴിഞ്ഞിരിക്കില്ല.
നീ തല തുടര്‍ച്ചയായി ആകാശത്തേക്ക് ഉയർത്തി നോക്കി,
ശ്വാസമെടുത്തു.. ഒരു ഭ്രമണപഥവുമില്ല,
 നക്ഷത്രങ്ങളുമില്ല...
നിഴലുകൾ എന്നത്തേക്കാളും വലുതായിട്ടുണ്ട്

മരക്കൊമ്പുകളിൽ നിന്നുള്ള ഭിന്ന
നിഴലുകൾ നിലത്തുടനീളം അതിനു തോന്നിയ
ആകൃതികള്‍ ഉണ്ടാക്കുന്നു

ആകാശത്ത് ഉയരത്തില്‍
പണിതുയര്‍ത്തിയ നമ്മുടെ വീട്ടിലേക്ക്ക്
നീയെന്ന് എടുത്ത് നടക്കുന്നു
മുറിഞ്ഞിട്ടുമെന്നോര്‍ക്കണം ..
ചുവരില്‍ നിറയെ ഒഴിഞ്ഞ
ഫ്രെയിമുകള്‍
നീ എടുക്കാതെ പോയ പടങ്ങളാണ്
ശൂന്യമായ മുറി
അത് ഒരാളുടെ അത്രയും അടുത്തായിരുന്നു
അത് കൊണ്ട് തന്നെ..അപ്പോള്‍
നിരസിച്ച് ഓടിച്ച് വിട്ട ഒരു
വേനല്‍ക്കാലം കാത്തു നില്‍ക്കുന്നുണ്ടായിരുന്നു
ഓടി വന്ന് വിരല്‍തുമ്പില്‍ പിടിച്ച്
കൂടെ കൊണ്ട് പോയി
മരിച്ചവരാണ് ഉള്ളിൽ
നെടുവീർപ്പിടുന്നത്
എന്ന എത്ര പേര്‍ക്കറിയാം ..

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...