Friday, March 13, 2020

നിന്നെയോര്‍ക്കുന്നില്ല എന്നല്ലേ.. നിന്നെയാണെപ്പോഴുമോര്‍ക്കുന്നത് എന്നാണ്

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍
തിരയുന്നത് നിന്റെ
മെസേജുകളാണ്
വായിക്കാതെ പോയവ
വായിച്ചവ
പറഞ്ഞ് നിര്‍ത്തിയത്
ഉറങ്ങുന്നതിനു തൊട്ടു മുന്നേ

സമയം പച്ച കുത്തിയിട്ടുണ്ട്
പണി ഇനിയും തീരാത്ത
നമ്മുടെ വീടിന്റെ ബാല്‍ക്കണി
ചൂടുള്ള കാപ്പിയുടെ നീറ്റല്‍

അല്ല.. നീ അവിടെയുണ്ടോ
പറയുന്നത് കേള്‍ക്കുണ്ടോ
നിന്നോട് പറയുന്നതായും
നീ പറയുന്നതായും
ആയിരം സംഭാഷണങ്ങള്‍
തലയിലൂടെ
ഓടി പായുന്നു

വിമാനപാതയാണ്
നമ്മുടെ നഗര വിളക്കിനു
മേലേ പറന്നിറങ്ങുന്നു
അത് ഒരു പൊട്ടില്‍ നിന്ന്
തുടങ്ങുകയും വേറൊരു
പൊട്ടായ് മാറി പിന്നേ
കാണാതാവുകയും ചെയ്യുന്നു
മനുഷ്യര്‍ ജീവിതത്തിലേക്ക്
വരികയും പോവുകയും
ചെയ്യുന്ന പോലെയെന്ന
ഉപമ എങ്ങനെയുണ്ട്

രാത്രിയിൽ ഉറക്കമില്ലാത്ത
നക്ഷത്രങ്ങളുടെയും
വേഗത കുറഞ്ഞ സമയത്തിന്റെയും
ഓര്‍മ്മയ്ക്ക് എത്ര
പഴക്കമുണ്ട്
ഇത് വിചിത്രമാണ്
ഹൃദയം എങ്ങനെ
ഏത് വിമാനത്തേക്കാളും
വേഗതയുള്ളതാണ്
എന്നത്
എത്ര പെട്ടെന്നാണ്
അത് നിന്റെ
അടുത്ത് എത്തുന്നത്
ചെക്ക് ഇന്‍ ചെക്ക് ഔട്ട്
ഒന്നുമില്ലാതെ

തലേദിവസം രാത്രി,
പൂജ്യത്തിന് താഴെ
കാറ്റിന്റെ തണുപ്പിനൊപ്പം;
നമ്മുടെ വീട്ടില്‍ മാത്രമായി
പെയ്ത ഹിമപാതമായി നീ
ഉമ്മയുടെ രജായികള്‍
മുട്ടിനൊപ്പാം എത്തുന്ന
നിന്റെ കട്ടിയുള്ള സോക്സ്
എത്ര പാടുപെട്ടാണ്
ഊരിയെടുത്തത്
നിന്റെ കാല്‍ വിരലുകളില്‍
ഉമിനീരിന്റെ ചൂട് പടര്‍ത്തിയത്
എത്ര കുറഞ്ഞ ഇടവേളകളാണ്

വളരെ കഴിഞ്ഞ് മാത്രമാണ്
ഇനി വേനല്‍
അത് വരേയ്ക്കും
എനിക്ക് നിന്റെ മുടിയില്‍
ചെവിയില്‍ വയറില്‍
മുല ഞെട്ടില്‍
വിരലില്‍ പൊക്കിളില്‍
കഴുത്തില്‍ ഓരോ
ഇടങ്ങളിലായി
കൂട് കെട്ടണം
എപ്പോഴും കുറുകുന്ന
ചാരനിറമുള്ള
പ്രാവാകണം

വേനല്‍ വരുമ്പോള്‍
അതിനു തലേദിവസം
നമ്മള്‍ ഒരിക്കലും
വറ്റാത്ത ആ നീര്‍ത്തടത്തിലേക്ക്
തുഴഞ്ഞ് പോകും

നിന്നെയോര്‍ക്കുന്നില്ല എന്നല്ലേ..
നിന്നെയാണെപ്പോഴുമോര്‍ക്കുന്നത്
എന്നാണ്

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...