Monday, September 28, 2020

മരിക്കേണ്ടായിരുന്നു.

 1.


നിനക്കയക്കാന്‍ ഫോട്ടോ എടുക്കുമ്പോള്‍ 
ഞാനിങ്ങനെ തല ചെരിച്ച് പിടിക്കാറുണ്ട്
ബ്ളാക്ക് അന്‍ഡ് വൈറ്റ് ഫോട്ടോകള്‍ 
അവനവനെ സ്നേഹത്തോടെ
നോക്കുന്നത്ര സ്നേഹത്തോടേ
വേറെ ആരെയെങ്കിലും നോക്കിയത്
ഓര്‍മ്മയാണ്.

നിനക്കയക്കുന്നതിനു മുന്നേ ഞാന്‍ തന്നെ
എന്നെ  നോക്കും പിന്നേം പിന്നേം നോക്കും 
കോള്ളാമല്ലോ എന്ന് പറയും 
എന്നിട്ടേ നിനക്കയക്കൂ

ബ്ളൂ ടിക് തെളിഞ്ഞ്
തലയിലും മുഖത്തും സ്നേഹമുള്ള
ആ ഇമോജി വരുന്നവരെ കാക്കും 
അവിടെ ഓണ്‍ലൈന്‍ ഉണ്ടായിട്ടം 
നോക്കുന്നില്ലെങ്കി തെറി വിളീക്കും 
ചെലപ്പോ ഡിലിറ്റും ചെയ്യും 

ഈ കവിത വായിക്കുന്ന ആളോടാണ്
നിങ്ങളുടെ തല അങ്ങനെ പിടിച്ചിട്ടുണ്ടോ?
അവൾ/ അവന്‍ അങ്ങനെ ഇഷ്ടപ്പെട്ടതിനാൽ?



2.

നല്ല മഴയും ഇരുട്ടും മിന്നലും 
ഉള്ള രാത്രികളില്‍ ഞാന്‍ ഇടക്ക്
ഭൂമിയിലേക്ക് വരും 
വീട് കാട് മൂടിക്കിടക്കുകയാണ്
ഏറെ കാലങ്ങളായി ആരും 
ആരേയും അവിടെക്ക്
കൊണ്ട് വരാറില്ല

അവിടെ മരങ്ങള്‍ ഇല പൊഴിക്കുകയായിരുന്നു
കാട് ഒരു ചിലന്തി വല പോലെ
തണുപ്പ് കാലം അല്ലായിരുന്നിട്ടും 
അവളെപ്പോഴും തണുത്തിരുന്നു

അത്രയും ഏകാന്തമാണവിടം 
സി ടി സ്കാനറില്‍ കിടന്നവര്‍ക്കറിയാം 
അങ്ങോട്ടുള്ള വഴി എങ്ങനെയിരിക്കുമെന്ന്
ഇടുങ്ങി..ഒരു തുരങ്കത്തിലെ യാത്ര പോലെ
ഇരുട്ട് ജലമാണെങ്കില്‍ അതില്‍ 
മുങ്ങി നിവരും പോലെയാണത്

ഒരാള്‍ അയാളില്‍ തന്നെ മരിക്കും പോലെ
കുഴിയും മരിച്ചവനും ഒന്നാകും പോലെ
ഒരു തകര്‍ച്ചയില്‍ കപ്പലിന്റെ
വാരിയെല്ലൊടിയും പോലെ
ഏകാന്തമായ ശ്മശാനങ്ങളിലേക്ക്
അത്രയും ഏകാന്തമായ യാത്ര

മരിക്കേണ്ടായിരുന്നു.

Wednesday, July 15, 2020

നിന്നെ

നിന്നെ മറക്കാന്‍ ശ്രമിക്കുന്നത്
ഒരു ചെടിയിലെ ഇല മുഴുവന്‍
പറിച്ചു കളയുന്നത് പോലെ
എളുപ്പ്മാണ്

ഒന്നിരുട്ടി വെളുക്കുമ്പോള്‍
പറിച്ചതിലേറെ ഇലകളുമായി
നില്‍ക്കുന്ന ചെടിയാണ്
നിന്നെ മറക്കണ്ടായെന്ന്
തോന്നിപ്പിക്കുന്നത്

ഒന്നിൽ നിന്നെ വേറെ ഒന്നിലേക്ക്
പാളം മാറുന്ന ട്രെയിൻ പോലെയാണ്..
ഒരാളിൽ നിന്ന് വേറെ ഒരാളിലേക്ക്‌ മാറുന്ന മനുഷ്യരും..
അറിയുന്നതെയില്ല യാത്രക്കാർ..
പ്രണയവുമറിയുന്നില്ലത് പോലെ..

മഴ, മഴ, മഴ, മഴ

ആകാശങ്ങളിലെ മുക്കുവരാകാം
ദൈവദാസനെന്നോ
ഏഞ്ചല്‍ മേരിയെന്നോ
നമ്മുടെ ബോട്ടിനു പേരിടാം
ഒരു മേഘത്തില്‍ നിന്നും
മറ്റൊരു മേഘത്തിരയിലേക്ക്
വിരിക്കാം നമ്മുടെ വല
ഉച്ചകളില്‍ മീന്‍ കറി ചട്ടിയില്‍
ചോറു മെഴുക്കി വിരലുകള്‍
കൈമാറിയൂട്ടാം
വെയില്‍ മായുമ്പോള്‍
ഉമ്മ വച്ച് മടുക്കുമ്പോള്‍
ഇത്തിരിയുറങ്ങാം
ഒരു വാരാന്ത്യത്തില്‍
നമുക്കൊരു
പാഴ്‌സീന്‍ വല നിറച്ചും
നമുക്ക് മഴ കൊണ്ട് വരാം

ഇപ്പോഴും നിങ്ങളെക്കുറിച്ചാണ്

മരിച്ച ഒരാളെ
തൊട്ടിട്ടുണ്ടോ
അത്ര ചൂടിലും
തണുത്തിരിക്കുമവര്‍
ജലമുറഞ്ഞ പോയ
ഒരു കാലത്തെ
ഓര്‍മ്മപ്പെടുത്തും

അവര്‍
അവരുടെ ഓര്‍മ്മകള്‍
ഒരു താക്കോല്‍ മാത്രമുള്ള,
കളഞ്ഞ് പോയ,
തിരിച്ചൊരിക്കലും ,
കടക്കാന്‍ പറ്റാത്ത വീടാവും

ആരും ചോദിക്കില്ല
പറയില്ല
ചാക്ക് നൂല്‍ കെട്ടി
പത്രക്കടലാസില്‍ പൊതിഞ്ഞ
മൂന്ന് മണിക്കടിയുടെ
വെളിച്ചെണ്ണ മണം
ഇനി വരില്ല

തുറന്ന വായ് തുണി ചേര്‍ത്ത്
കെട്ടിയിട്ടും പിന്നേയും
തുറന്ന് വന്നു
വിശന്നിട്ടാവും
കൊടുക്കാതെ പോയ
ഒരു നേരത്തെ ചോറ്
ഇനി എന്റെ തൊണ്ടയില്‍ കെട്ടും

പഞ്ഞിയില്‍ ഇറ്റിച്ച അവസാന തുള്ളി
ഇറക്കിയിരിക്കില്ല

മഴ പെയ്യാന്‍ വന്നിട്ട് പോയി
കടും ചൂടൂള്ള വേനല്‍ വന്നു
അല്ലെങ്കില്‍ ഒന്നും മിണ്ടാതെ
ഒരു നിമിഷം പോലുമിരിക്കാത്ത
അവര്‍ ഒന്നും മിണ്ടിയതേയില്ല

കുളിപ്പിച്ചെടുക്കുമ്പോള്‍
ഒരു കൈ താഴേക്ക് തന്നെ
പോയിക്കൊണ്ടിരുന്നു
മൂത്ര മണം ഒഴികെ മറ്റൊന്നും
അറിയാതിരിന്നിട്ടും
ഇപ്പോള്‍ പോണ്‍ഡ്‌സ്
ഡ്രീം ഫ്ളവര്‍ ടാല്‍ക്ക്
മണക്കുന്നു


എന്താണ്..
അവര്‍ ശ്വസിക്കുന്നില്ലല്ലോ
എന്നോര്‍ത്ത്
ഞാന്‍  ശ്വസിക്കുന്നെണ്ടെന്ന് ഓര്‍ത്ത്
രണ്ട് പേര്‍ തമ്മില്‍
അത്രയേ വ്യത്യാസം ഉള്ളൂ
എന്നോര്‍ത്ത്
ഐസ് ന്റെ കഠാര മുന
കുത്തിക്കയറിയ പോലെ
തണുത്തു
ഒരേ തണുപ്പ്









മൂന്ന് മണി


വര്‍ഷങ്ങളായി പൂട്ടി
കിടക്കുന്ന വീടിന്റെ
മണമാണ്‌ നിനക്കിപ്പോള്‍
നിന്റെ മുറി മുഷിഞ്ഞ ദിവസങ്ങള്‍
വലിച്ചെറിഞ്ഞ അടിയുടുപ്പുകള്‍
ധരിച്ച ദിവസങ്ങള്‍ കുറിച്ചിട്ട
കലണ്ടര്‍
അലക്ക് യന്ത്രത്തില്‍ ഇടേണ്ടത്
എന്തിനെയൊക്കയാവും
 പാതി വായിച്ചു പലയിടങ്ങളില്‍
ഉപേക്ഷിച്ച പുസ്തകങ്ങള്‍
അവരിങ്ങനെ ഉടുപ്പുകളേയും
കെട്ടി പിടിച്ചുറങ്ങുന്നു

കുരിശേറി കിടക്കുന്ന
ജൂത പുത്രനുള്ളത് കൊണ്ടാവും
ആളൊഴിയുമ്പോഴും
നിറയുമ്പോഴും പള്ളി ശൂന്യതയുടെ
അള്‍ത്താരയാവുന്നത്
ഇല്ലാതെയായ ഓരോ
പ്രണയവുമവിടെ
മുട്ടു കുത്തുന്നത്

 ജീവന്റേയും മരണത്തിന്റേയും
തൊട്ടേ തൊട്ടില്ലാ കളികളില്‍
വഴുക്കി വീഴാം 
കഴുത്തിലെ തടിച്ചുണര്‍ന്ന
ഞരമ്പില്‍ ആഴ്ത്താനുള്ള
രണ്ട് കോമ്പല്ലുകളുടെ
ജപമണി പെരുക്കം
നമുക്ക് നമ്മളെ കത്തിക്കാം
ലിപികള്‍ പച്ച കുത്തിയ
തൊലിയില്‍ തീ നീറി
പിടിക്കുമ്പോള്‍ ഒന്നും
മിണ്ടാതെയൊറ്റകുത്തിനു
കൊല്ലാം 

പ്രണയത്തിന്റെ നാലു വരി
പാതയെനിക്ക് കടക്കണമെങ്കില്‍
സീബ്രാ വരകളുടെ
ഓട്ടം നില്‍ക്കണം
ഈ പാതിര ഒരു തവണ
എനിക്കായ് 
അനുവദിക്കപ്പെട്ടിരിക്കുന്ന
ഈ രാത്രി 

അതേ പ്രാണന്‍
അതേ പ്രണയം
പേടിയായിരുന്നു
നിന്നെ കാണാതെ മരിച്ചു
പോകുമോയെന്ന്
അഴുകിയ ഉടലില്‍
മുളക്കുന്ന ചെടിക്ക്
അതിന്റെയിലക്ക്
പൂവിന്‍ നിന്റെ
പച്ച ചുവയ്ക്കുവോയെന്ന്

വിട്ടു കൊടുക്കരുതെന്നെ..
ഈ രാത്രി അവസാനിക്കാതെ
ഇരിക്കാന്‍ എന്തെങ്കിലും
ചെയ്തേ പറ്റൂ  

മൂന്ന് മണി
നീ മാത്രമുള്ള മെസേജിങ്ങ് ആപ്പ്
ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പൊയവരെ
കാത്തിരിക്കുന്ന കല്ലറകള്‍ 

അല്ലെങ്കില്‍ തന്നെ തര്‍ക്കമാണ്
ഭൂമി ആര്‍ക്കെന്നത്
മരിച്ചവര്‍ക്കോ, ജീവനുള്ളവര്‍ക്കോ!
സിവില്‍ പ്രണയക്കോടതികളിലെ
ആയിരക്കണക്കിനു കേസുകള്‍
അവരെപ്പോഴെങ്കിലും
തീര്‍പ്പാക്കട്ടെ
നിന്റെ ഉള്ളിലെ തീ
കത്തി തീര്‍ന്നിട്ടില്ലായെങ്കില്‍
എന്നെ കത്തിക്കാനത്
മതിയാവും 

ഒരു തെളിഞ്ഞ നീളന്‍
കുപ്പിയില്‍ വളരുന്ന
പച്ചയില സസ്യത്തിന്‌
പൊഴിക്കാനുള്ള ഇലയേ
ബാക്കിയുള്ളൂ
ജലമില്ലാത്ത വേനലിലേക്ക്
നമുക്ക് നടക്കാനത് മതിയാവും

.

അങ്ങനെയാണ്

1.
തണുത്തുറഞ്ഞ കടലില്‍
പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത്
വര്ഷം മുഴുവനും എന്നേക്കുമെന്നേക്കും
അതങ്ങനെ കിടന്നു
ചെവിയോര്‍ത്താല്‍ കേള്‍ക്കാവുന്ന
ഇരമ്പമായിരുന്നു അതിനടയാളം 

വൈകുന്നേരം
ഭൂമി അന്നെത്ര കറങ്ങി
തിരിഞ്ഞിട്ടും സൂര്യനെ
കാണാമായിരുന്നു
ആ വര്‍ഷത്തെ ഏറ്റവും
നീളമുള്ള പകല്‍
അന്നായിരുന്നു


മഴ പെയ്തിരുന്നേയില്ല
രാത്രിയെന്നോ
പകലെന്നോ ഇല്ലാതെ
ഒരു നക്ഷത്രം മേലെ
കത്തിക്കിടന്നിരുന്നു
മരങ്ങളില്ലാത്ത
കാടുണ്ടായിരുന്നു


നിന്നെ കാണാന്‍ വന്നപ്പോഴൊക്കെയും
ഞാന്‍ കൊണ്ടു വന്ന സമ്മാനങ്ങള്‍
വെള്ള മണലിന്റെ ഘടികാരം
നൂലിന്മേല്‍ ചാടുന്ന കുതിരപ്പാവ
വയറില്‍ പീപ്പി വച്ച കിളി
നാലു ഇലകളുണ്ടായിരുന്ന നാരകം
ഏറെ നിറങ്ങളുള്ള കാറ്റാടി

നോക്കൂ നമ്മുടെ വീട്
അവിടെ തന്നെയുണ്ട്
പൊങ്ങിയും താണും ...
നിവര്‍ത്താത്ത പ്ത്രവുമതു പോലെ
  ചായ മേശ 
ക്രമം തെറ്റിയ പുസ്തകങ്ങള്‍
ഒരു ചിറക് പോയ പൂമ്പാറ്റയെ
കൊണ്ട് പോകുന്ന
തീവണ്ടിയുറുമ്പുകള്‍ 

വേണമെങ്കില്‍ മടുക്കും വരെ
നമുക്ക് മിണ്ടാതിരിക്കാം
ചായയിടാം
ജനാലകള്‍ എല്ലാം
തുറന്ന് പിടിച്ച് നിര്‍ത്തിയ
ശ്വാസത്തെ തുറന്ന് വിടാം 
കടല്‍ക്കരയില്‍ പതിഞ്ഞ
കാലടികളിലേക്ക്
ജലം നിറയും
പോലെ ഓര്‍മ്മകളിലും
മറവി നിറയും 

നെരിപ്പോടില്‍
തണുത്ത വിറകിന്റെ
നീറ്റല്‍   
നീയും ഞാനും
രണ്ട് പേരും 
മരിച്ച് പോയവര്‍

2.


മുന്നേ മരിച്ചവര്‍ ഏതെങ്കിലും
മലയിലോ കടലിടുക്കിലോ
വിരസമായിരുന്നു തീ
കായുകയാവും
ചിലര്‍ ഐസില്‍
തെന്നിക്കളിക്കുകയുമാവാം

ചിലര്‍ നമ്മെ വഴക്ക് പറയും
പ്രണയത്തകര്‍ച്ചക്ക്
കൂട്ടിരിക്കും
നെരിപ്പോടിലണയാന്‍
പോകുന്ന തീ ഊതും
വഴി തെറ്റിയ പൂച്ചയെ
തിരികെ വാതില്‍ക്കലെത്തിക്കും
വാതിലിന്റെ ചാവി
എടുക്കാന്‍ മറന്നെന്നോര്‍മ്മിപ്പിക്കും
മരിച്ചവര്‍ നമ്മുടെ കൂടെയുണ്ടാകുന്നത്
അങ്ങനെയാണ്
ചിലപ്പോഴത് കൊഴിയുന്ന
അവസാന ഇലയെ
കൊമ്പിലേക്ക്
തിരികെ ചേര്‍ക്കുമ്പോഴാകും
കാറ്റായി !

....................



Sunday, April 26, 2020

നഷ്ടപ്പെട്ട പ്രണയത്തിന്റെ അപ്രതീക്ഷിത ആനന്ദങ്ങൾ

  രാത്രി, നിങ്ങള്‍ ഉറങ്ങിയിട്ടിയില്ല എങ്കില്‍
ഒരുതരം കാർബൺ പേപ്പർ മാത്രമാണ്,
മങ്ങിക്കത്തുന്ന നക്ഷത്രങ്ങളുടെ
പോള്‍ക്ക ഡോട്ടഡ് ആകാശം
എല്ലാത്തിനും പിന്നിൽ മരണം പോലെ വിളറിയ പ്രകാശം.
മരുഭൂമിയിലെ തലയിണകള്‍ എങ്ങനെയാവും
പകല്‍ മുഴുവന്‍ ചുട്ടു പഴുത്ത്
രാത്രിയിലെപ്പോഴോ തണുക്കുന്ന
മണല്‍ നിറച്ചതാവും
എല്ലാ ദിശകളിലേക്കും വീശുന്ന
കാറ്റുകള്‍ വരെ ഉറങ്ങുന്നില്ലെന്നോര്‍ക്കുമ്പോഴാണ്

ഓ ദൈവമേ..പാതിരാത്രികള്‍ എന്ത് മനോഹരമാണ്
എന്തിനു ഉറക്കത്തിലേക്ക് മടങ്ങണം
ഇപ്പോള്‍ മൂന്ന് മണിയായിരിക്കുന്നു
നിങ്ങളിപ്പോള്‍  മരിച്ചവരോട് ഏറ്റവും
അടുത്തവരാണ്

ഉറക്കം മരണത്തിന്റെ അടുത്ത് കൂടെ
മുടിയിഴ പറപ്പിച്ച പോയ തിരിച്ചറിയാന്‍
പോലും പറ്റാതെ പോയ വണ്ടിയാണ്
വരണ്ട പൊള്ളലേറ്റ ആഴമുള്ള
3 മണി നേരങ്ങളില്‍ ആശുപത്രികളില്‍
ആളുകള്‍ മരിക്കുന്നു
നീയും ഞാനും പത്തു രൂപക്ക് വാങ്ങിയ
തണുത്ത കപ്പലണ്ടി പകുക്കുന്നു

ഉറക്കമില്ലാത്ത രാത്രികളില്‍ രണ്ട് ഭാഷകളില്‍
നമ്മള്‍ സംസാരിക്കുന്നു
ഒന്ന് വാക്കുകളുടെ ഭാഷയും
മറ്റൊന്ന് നിശബ്ദതയുടെ ഭാഷയും.
നിശബ്ദതയുടെ ഭാഷ ഉപയോഗിച്ച്
നമ്മളീ ഭൂമി മുഴുവന്‍ സംസാരിക്കും
സസ്യങ്ങൾ, മൃഗങ്ങൾ, നക്ഷത്രങ്ങൾ,
ചന്ദ്രൻ, പക്ഷികൾ പിന്നെ
ചില മനുഷ്യര്‍

എവിടെ നിന്നോ കാണപ്പെട്ട
ഒരു കുട്ടി നമ്മളോട് ചോദിക്കുന്നു
"നിങ്ങളുടെ ഉറക്കം എങ്ങനെ നഷ്ടപ്പെട്ടു?"
ഒരു ഓര്‍മ്മ അതിനെ കൊന്നു കളഞ്ഞു! 

അതിരാവിലെ പുറപ്പെടുന്ന
വണ്ടിയില്‍ നമ്മളിപ്പോള്‍
ആളധികമില്ല
ഒന്നിടവിട്ട സീറ്റുകളിലിരിക്കാം
മൂന്ന് മണിക്ക് മരിച്ച് പോയവരില്‍
നമ്മുടെ പേരുമുണ്ട്
അതിനാല്‍ തിളങ്ങുന്ന
കൂമ്പന്‍ തൊപ്പികള്‍ വച്ചവരുടെ
കാര്‍ണിവല്‍ കാണുമ്പോഴിറങ്ങാം
ഇടയില്‍ ഓടിക്കയറാം
വസന്തകാലത്തെ കാറ്റ് തുടങ്ങുന്നതിനു
മുമ്പ് കാടുകങ്ങളുടെ നിശബ്ദത
അല്ലെങ്കില്‍ ഒരിക്കലും
നിര്‍ത്താത്ത റോളര്‍ കോസ്റ്റര്‍
സവാരിക്കു മുന്നേയുള്ള
കൌണ്ടിങ്ങ്
മൂന്ന് മണിക്ക് മരിച്ചവരാണ്‌ നമ്മള്‍ 

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...