Tuesday, June 18, 2019

ക്രാഷ് ലാന്റ്

മുഴുവനായും നിറച്ച ഒരു തോക്ക്
ഞാന്‍ നിന്റെ നേരേ നീട്ടുന്നു
നീ ഉറങ്ങുകയാണ്
ഒരു ചലനം പോലും അവശേഷിപ്പിക്കാതെ
നീ മരിക്കും 
നിന്നെ കൊല്ലണം 
നീ മരിക്കണം 
എനിക്കത് കാണണം 
പക്ഷേ എല്ലാ കണക്ക് കൂട്ടലുകളും 
തെറ്റിച്ച് കൊണ്ട് 
ഞാന്‍ മരിക്കുന്നത് നീ കാണണമെന്ന്
ഞാന്‍ തീരുമാനിക്കുന്നു
നീയത് കാണുന്നു
ഹാ.. ഒരാള്‍ മരിക്കുന്നത്
നേരെ കാണുന്നതിലും 
വലിയ കൊലപാതകം 
വേറെന്തുണ്ട്

ഓര്‍മ്മ ഒരു പരുത്തി തുണിയാണെങ്കില്‍ 
ഞാനതിന്റെ കണ്ടം തുണ്ടം 
കീറി പറിച്ചു പല ദിശകളില്‍ എറിഞ്ഞു
നൂലുകള്‍ നിറങ്ങള്‍ 
ഇനി ഒന്ന് ചേര്‍ക്കാനാവാതെ 
പല ഭാവങ്ങളില്‍ ബാക്കിയായി 
ഇനി അത് എന്തായിരുന്നു 
എന്ന് ഓര്‍ത്തെടുക്കാന്‍ 
അതിനു പോലുമാവില്ല
മൈര്!! എന്തൊരോര്‍മ്മയാണ്
ഓര്‍മ്മയ്ക് ഒരു ദിവസം 
മറവി ആയിക്കൂടെ
മാന്ത്രികന്‍ 
തൊപ്പിയില്‍ നിന്ന്
മുയലിനെ എടുക്കുന്ന അത്ര അനായാസം 
ഓര്‍മ്മയ്ക്ക് മറവി ആയിക്കൂടെ
അല്ലേ..അല്ലേ

 എനിക്കെല്ലാം കേള്‍ക്കാന്‍ പറ്റുന്നുണ്ട്
നിന്റെ മൊബൈല്‍ വൈബ്രറ്റ് ചെയ്യുന്നത്
മെസ്സേജ് വരുമ്പോള്‍ എന്ത് റിപ്ളൈ 
ചെയ്യുമെന്നറിയാതെ കണ്‍ഫ്യൂസ് ആവ്ന്നത്
അല്ലെങ്കില്‍ ചെലപ്പോള്‍ ഒരു മെസേജ് വന്നത്
തുറക്കാന്‍ പറ്റാതെ 
പ്രിവ്യൂ മാത്രം വായിച് ബാക്കി എന്താണെന്ന്
അറിയാതെ ആശങ്കപ്പെടുന്നത്
ഒരാളോടുള്ള സ്നേഹം മറച്ചു വക്കാനാവാതെ
ഹൃദയമിടിപ്പിന്റെ കണക്കിനെ
മറച്ചു വയ്ക്കുന്നത്
എന്താവും എങ്ങനെയാവും 
എന്നോര്‍ത്ത് നോവുന്നത്
എല്ലാ ശബ്ദങ്ങളും ഉള്ളപ്പോഴും 
എന്തോ ഒന്നിങ്ങനെ
എന്തോ ഒന്ന്..
പേരു പറയാനോ
വിളിക്കാനോ
വിശദീകരിക്കാനോ
പറ്റാത്ത ഒന്ന്
അതിങ്ങനെ
കനത്ത മൂടല്‍ മഞ്ഞില്‍ 
ഇറങ്ങാന്‍ വയ്യാതെ പോയ
വിമാനം പോലെ
നിന്നെ ചുറ്റ് വട്ടം പറക്കുന്നത്
റണ്‍വേ കാണാന്‍ പറ്റാത്തത്
ക്രാഷ് ലാന്റ് ചെയുമെന്നും 
ചിലപ്പോള്‍ എല്ലാവരും മരിക്കുമെന്നും 
അറിയുന്നുണ്ടോ നീ
ഒന്നു നോക്കുമോ 

സാധ്യത

രണ്ടാമതൊന്ന് എന്നത്
എപ്പോഴും ഒരു 
സാധ്യതയാണ്
വെറും ഒരു സാധ്യത,
മഴ പെയ്തേക്കാമെന്നും 
പെയ്യില്ലായെന്നുമുള്ള
കാലാവസ്ഥാ കേന്ദ്രത്തിന്റെ
സാധ്യതയ്ക് അതിലേറെ
സാധ്യതയുണ്ട്
മരിക്കാന്‍ പോവുന്നു എന്ന്
പ്രഖ്യാപിക്കുമ്പോള്‍ 
മരിക്കരുത് എന്ന്
അലറുന്ന പ്രിയമുള്ളവര്‍ 
ഒരു സാധ്യതയാണ്
നല്ലൊന്നാന്തരം 
ഒരു മരുഭൂമിയില്‍ 
ഒരു മരമിങ്ങനെ 
വേരു പിടിച്ച്
വളര്‍ന്ന് പടര്‍ന്ന്
പന്തലിച്ച്
ഒരു മേയ് മാസത്തില്‍ 
ചുവന്ന പൂക്കള്‍ 
വിരിച്ചും കൊഴിച്ചും 
നില്‍ക്കുന്ന അത്ര സാധ്യത

ചിലപ്പോഴെങ്കിലും രണ്ടാമതൊന്ന്
സാധ്യമല്ലെന്ന് തോന്നിയിട്ടുണ്ടോ
പ്രണയത്തില്‍ മരണത്തില്‍ 
സൌഹൃദങ്ങളില്‍ 
രണ്ടാമതൊന്ന്..
അത് പോലെ ഒന്ന്
അങ്ങനെ ഒന്ന്
സാധ്യമല്ലാത്തത്
എന്താവും 
അത്രയും തീവ്രം 
അത്രയും സത്യസന്ധം 
അതയും ആഴം 
അത്രയും പ്രിയം 
അത്രയും ...
ഒരിക്കല്‍ മാത്രമേ മരിക്കുന്നുള്ളൂ
അത് പോലെയാവും 
ബാക്കിയെല്ലാം ..

മെഴുക് തിരി

നീ എപ്പോഴെങ്കിലും 
കറന്റ് പോകുമ്പോള്‍ 
മെഴുക് തിരി കടം ചോദിക്കാന്‍ വരണം 
ഞാനപ്പോള്‍ നിനക്കായ് എടുത്ത്
വച്ച ഹൃദയം തരും 
കത്തിക്കേണ്ടി വരില്ല
അത് കത്തി കൊണ്ടിരിക്കുകയാവും 

തെളിവ്

എല്ലാവര്‍ക്കും കാണില്ലേ ഒരു ആല്‍ബം
ഒരുമിച്ചുള്ള നിമിഷങ്ങള്‍
ചിരികള്‍  വഴക്കുകള്‍
കൂടിച്ചേരലുകള്‍
ഒരുമിച്ചുള്ള യാത്രകള്‍
ഓര്‍മ്മകളല്ലാതെ
നമുക്കെന്തുണ്ട്
ഓര്‍മ്മകളുടെ
പ്രത്യേകത എന്താണെന്ന്
ചിന്തിച്ചിട്ടുണ്ടോ
അത് വാക്കുകളോ
അക്ഷരങ്ങളോ ഇല്ലാത്ത
ഒറ്റയാള്‍ ലിപിയാണ്
അതിനു മായാന്‍
മരണമെന്ന് വാക്ക് മതി

രണ്ട് പേരില്‍ ഒരാളുടെ
ഓര്‍മ്മകള്‍
തെളിവുകളൊന്നുമില്ലാതെ
തള്ളിക്കളയുന്ന
ആയിരത്തിലൊന്ന്
കേസ് മാത്രമാണ്


ചുരുക്കി പറഞ്ഞാല്‍
നമ്മളില്‍ ബാക്കിയാവുന്നയാളുടെ
ഓര്‍മ്മകള്‍ക്ക് തെളിവ്
ആരുണ്ടാക്കും

Sunday, May 26, 2019

ഇടങ്ങള്‍ 

1
ഒരു സങ്കടക്കുന്നിന്റെ 
മേലേക്കയറി ഒറ്റക്കിരിക്കുമ്പോ
നീ വിളിക്കും 
"ഇങ്ങളെന്നെ കാണാന്‍ വരണോന്ന്"
നിന്നെ കാണാന്‍ വരികയെന്നാല്‍ 
ഞാനെന്നെ കാണാന്‍ വരികയാണ്
എന്നിട്ടോ നിന്നെ കണ്ട്
ആദ്യ പത്ത് മിനിട്ട് 
ഞാന്‍ മിണ്ടാതിരിക്കും 
നീ ആലോചിച്ചിട്ടുണ്ടോ 
എന്തെന്ന്

2

നഷ്ടപ്പെട്ട് പോകുന്ന
സാധനങ്ങള്‍ക്ക്
രണ്ടോര്‍മ്മകളുണ്ട്
അവ ഇരുന്നയിടം 
അവ ഇപ്പോഴുള്ള
നമുക്കറിയാത്തയിടം 
മാറൂന്ന വീടുകള്‍ 
ഉടുപ്പുകള്‍ 
വിട്ടു പോയ മനുഷ്യര്‍ 
എത്രയിടങ്ങളങ്ങിനെ

3.

ഞാനൊരിക്കലും 
കാട്ടില്‍ പോയിട്ടില്ല
തണുപ്പും ഇരുട്ടും 
കാട്ടു പൂക്കളുടെ 
മണവും 
ആരും തൊടാത്ത
ജലത്തിന്റെ ഒഴുക്കും 
മുടി കൊണ്ട് നീയെന്നെ
പുതപ്പിച്ചപ്പോഴാണ്..

4.

ഉറക്കം പോകുന്ന ചില രാത്രികളില്‍ 
ഞാനൊരു നാവികനാണ്
കപ്പല്‍ഛേദത്തിനു ശേഷം 
ഒറ്റക്ക് ബാക്കിയായവന്‍ 
മുങ്ങി പൊങ്ങുന്ന മരപ്പാളിയില്‍ 
അള്ളി പിടിച്ചു
നേരം വെളുക്കാന്‍ കാത്തു 
കിടക്കുന്നയാള്‍ 

അല്ല. അതേയുള്ളൂ!!

കല്ലറയും പൂക്കളും
ജനിച്ചതും മരിച്ചതുമെഴുതിയ
ഫലകവും ,
മാര്‍ബിളിന്റെ മിനുക്കവും
നമുക്ക് പറഞ്ഞിട്ടില്ലടോ
ഒരു കണക്കിലും പെടാത്ത
എല്ലാ പീനല്‍ കോഡിലും
ശിക്ഷക്ക് സാധ്യതയുള്ള
നമ്മുടെ പ്രണയത്തിനു
ഏതെങ്കിലുമൊരു
തരിശു മലയിലെ
തെമ്മാടിക്കുഴി മതി

Sunday, May 5, 2019

വെയില്‍ വരുന്നു മഴ വരുന്നു

നിന്റെ വിരല്‍ തുമ്പ്
തിരക്കുള്ള റോഡില്‍
ഗിയര്‍ അപ്പോഴപ്പോള്‍
മാറ്റുന്ന എന്റെ വിരലിനെ
തൊടുന്നു
എനിക്ക് നിന്നെ തൊടാനല്ല
എല്ലാ എല്ലും നുറുങ്ങും പോലെ
കെട്ടി പിടിക്കാനാണ്
തോന്നുന്നത്

നിന്റെ മൂക്ക് ഉണ്ട ആണെന്ന്
നീ പറയാറില്ലേ
സത്യത്തില്‍ ഞാനെപ്പൊഴും
ഓര്‍ക്കാറുണ്ട്
അതൊരു കിളി മൂക്ക് ആയിരുന്നെങ്കില്‍
എത്ര ബോറായേനെ
മറുകില്ലാത്ത മുഖം
ആ തെണ്ടി സ്വഭാവമില്ലാത്ത നീ
ശ്ശേയ്
ഒരൊറ്റ ക്ളിക്കില്‍ ട്രാഷില്‍ പോയേനെ

നിന്നെ എത്ര നേരമായ് വിളിക്കുന്നു
എടുക്കാത്തതെന്ത്
എവിടെയാണ്
എനിക്ക് ഊഹിക്കാന്‍ വയ്യ
നിനക്കറിയാല്ലൊ എന്റെ
ഊഹങ്ങള്‍ പോകുന്ന വഴി
എന്റെ നെഞ്ചു വേദനകള്‍
പക്ഷെ തോറ്റു കൊടുക്കാതെ പോരാടും
ചുമ്മാ ഒരു ഡൈനാമിറ്റ് വച്ച് പൊട്ടിക്കും
മുറിവേല്‍ക്കും
പറഞ്ഞില്ലെങ്കിലും പറഞ്ഞാലും
മറ്റൊന്നും പോലെയല്ല
പ്രണയത്തിലും മരണത്തിലും
നമ്മളെത്ര അരക്ഷിതരാണ്
എളുപ്പമെത്താനുള്ള
കുറുക്കു വഴികള്‍
നഷ്ടപ്പെടുന്ന സമുദ്രങ്ങള്‍
എത്രയാണ്
എത്ര വെള്ള പേജുകളാണ്

ഒരു കയറ്റത്തില്‍ ആളൊഴിഞ്ഞപ്പോള്‍
നിന്നെ ഉമ്മ വച്ചതോര്‍മ്മയുണ്ട്
ഉച്ച കഴിഞ്ഞ് വിയര്‍പ്പില്‍
ഉപ്പില്‍ എന്നാല്‍ ആഴത്തില്‍
എനിക്കത്ര ഇഷ്ടമാണേ
എന്ന ഉറപ്പില്‍
വണ്ടി എവിടെയെങ്കിലും
പോയി ഇടിക്കട്ടെ എന്ന തോന്നലില്‍
കണ്ണടച്ച് ഉമ്മ വച്ചത്
മതിയാവാഞ്ഞിട്ട്
അമര്‍ത്തി കടിച്ചത്
എന്നോ ഒരു താഴവരയില്‍
നില്‍ക്കുമ്പോള്‍
മഞ്ഞ് കടന്ന് പോയതോര്‍മ്മയുണ്ട്
തൊട്ട് തൊട്ട്
ഹാ... ഉമ്മ പോലെ
ഒരു മുളം കാട് അതിന്റെ
പാട്ടിന്റെ വോള്യം  കൂട്ടുന്നു
ശീതകാലം വരുന്നു
ഞാനിവിടെ മുട്ടു കുത്തി
നില്‍ക്കുന്നു
എന്തിന്നെന്ന് നീ ചോദിക്കില്ല
മറ്റാരു ചോദിച്ചാലുമെന്റെ
പ്രണയമേ

കാലമേറെ കഴിഞ്ഞിട്ടുണ്ട്
കണ്ടിട്ടേറെയായി
ഇനി കാണുമ്പോഴെന്ത് പറയുമെന്നറിയില്ല
പക്ഷേ.. പക്ഷേ
എന്റെ ഹൃദയത്തേക്കാള്‍ പഴക്കമുള്ള
ഓര്‍മ്മകളേക്കാള്‍ ഓര്‍മ്മയുള്ള നീയേ
നിന്റെ വിരല്‍ തണുപ്പേ
ഒന്നിനും പകരമാവാത്ത നീയേ
ഇപ്പോള്‍ മരിച്ചോ..
പകരം നിന്നെയൊന്ന് തൊടാമെന്ന്
ഒരു കരുണയും ഇല്ലാത്ത
ദൈവം കഴുവേറി പറഞ്ഞാല്‍
രണ്ടാമതൊന്ന് പോലും
ആലോചിക്കാന്‍ ഇട തരാത്തവളേ
വെയില്‍ വരുന്നു
മഴ വരുന്നു
നീയെനിക്കൊരു ചിറക് കെട്ടി താ
മരിക്കുവോളം പറക്കാന്‍
ശലഭമെന്ന് വിളിച്ചോളൂ

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...