Tuesday, August 13, 2019

ഉയിരിന്നാഴം 

ശരിക്കുമേതാണ്
മരണമെന്നോര്‍ത്തിരിക്കുന്ന
ഒരാളോടാണ്

കൂടെയുള്ളവരെല്ലാം മരിച്ച്
ഒരാള്‍ മാത്രം രക്ഷപ്പെടുന്ന
അപകടങ്ങളുണ്ട്
ഒരു നൊടിയിടയില്‍ 
ബോധം പോവുന്നതിനു മുന്നേ
അയാള്‍ കണ്ടിരിക്കും 
വളവ് 
നേറെ വരുന്നൊരു വണ്ടി
ഉറക്കത്തില്‍ നിന്ന്
അലര്‍ച്ചയിലേക്ക്
ഉണര്‍ന്ന ഉറ്റവരെ

മുഖം കഴുകുമ്പൊള്‍
തൊടുമ്പോള്‍
അയാളുടെ തന്നെ ഓര്‍മ്മകള്‍
അയാളുടെ തന്നെ ആഴങ്ങളിലേക്ക്
കുത്തിയിറങ്ങിക്കൊണ്ടിരുന്നു


ഓര്‍മ്മയിലെ
കൊടും വളവിലാണ്
ഇടിച്ച് തകര്‍ന്ന ആ വണ്ടി
കിടക്കുന്നത്
അവിടെയാണ്
ഒരുറപ്പുമില്ലാതെ
റോഡ് മുറിച്ചു കടക്കാന്‍ 
ഒരു തേരട്ട ഒരുക്കമാവുന്നത്
നമ്മള്‍ നമ്മളില്‍ ചിലരെ
മുറിച്ചു കടക്കാനൊരുമ്പെടും പോലെ

Monday, August 12, 2019

പെരും കടൽ ആകാശം

ഞങ്ങളുടെ മുറി
ഉരുണ്ട് ഉരുണ്ട് നീങ്ങുന്ന
കാറായിരുന്നു
പുഴക്ക് മേലെ കടന്ന്
പോകുമ്പൊള്‍ നീ മുഖം നോക്കുന്നു
കൂട് തുറന്നെന്ന പോലെ
നീ പറക്കുന്നു
ഒരു പെരും കടല്‍ ആകാശത്ത്
പരക്കുന്നത് കണ്ടു
കഴുകന്‍ നോട്ടം കൊണ്ടൊരു
പെരും മീനിനെ കണ്ടൂ

ഉറക്കം വരാത്ത ഒരു രാത്രിക്ക്
മുന്നില്‍ ഉടല്‍ വിറക്കുന്നു
മഴ തോര്‍ന്നിട്ട് വേണം
കുടയെടുക്കാത്ത
വഴിയിലേക്ക് എനിക്ക് പോകാന്‍


ഇനി മരങ്ങളിലേക്ക്
തളിരികളെ തേടിയെത്തുന്ന
കാറ്റേ
നിനക്ക് കിന്നരിക്കാന്‍
ഇലകളില്ല
എല്ലാം കൊഴിഞ്ഞിരിക്കുന്നു
ദര്‍വീഷുകളുടെ നൃത്തം
നിന്നില്‍ ഞാനെന്റെ നെറ്റി മുട്ടിക്കുന്നു
ഞാന്‍ നിന്നിലെ കാട്ടുമൃഗത്തെ
പിന്തുടരുന്നു
നീയായിരുന്നു എന്റെ
ശമനം ...അതിന്റെ മരുന്ന്
ഇരുവഴി പിരിയുന്നതല്ല
കൂടി ചേരുന്നതാണ്
മരണം

എല്ലാ കെട്ടിടങ്ങളും
പൊടിഞ്ഞ് തീര്‍ന്ന
നഗരമാണ്‍ ഞാനും നീയും
ഒരിക്കലും തീരാത്ത
സങ്കടം നീ
നാമെങ്ങനെ കാക്കും
നമ്മുടെ രഹസ്യങ്ങള്‍
നീളെ പൊളിഞ്ഞ
നമ്മുടെ കപ്പല്‍
പൊങ്ങി കിടക്കാന്‍
കടലില്‍ ഇനിയും
ഉപ്പ് കലക്കുന്ന
നാവികനാണ്‌ ഞാന്‍


നമ്മള്‍ ഒരു നാള്‍
പ്രണയത്തില്‍
കത്തി വീഴും
കരികട്ടകള്‍
അന്ന്.. അപ്പോള്‍ ..
നീ കൂടുതല്‍
ഒന്നുമോര്‍ക്കാതെ
എന്നെ നെഞ്ചില്‍ ചേര്‍ക്കും
ഇരട്ടി മിടിക്കുന്നത്
കേള്‍ക്കുന്നുവോയെന്ന് ചോദിക്കും
ഞാനൊന്നും മിണ്ടില്ല..

വെളിച്ചമേ..നിനക്ക്
കടക്കാനൊരു പഴുതുണ്ട്
കടന്ന് വരൂ

ഉള്ളം

നിന്റെ അത്രെം ആരും ഉള്ളില്‍ കേറിയിറ്റില്ല
ഇനി കേറ്റുകയും ഇല്ല എന്ന പറഞ്ഞു
കൊണ്ടിരിക്കേ അവളുറങ്ങിപ്പോയി
ഞാനത് പിന്നേയും പറയുന്നു
ശ്വാസമുള്ളതിനാള്‍ അവളത്
കേള്‍ക്കുന്നുണ്ട്
കേള്‍ക്കുന്നുണ്ട്
ഒരുള്ളം ...അവളുടെയുള്ളം ..

ഉറങ്ങുമ്പോള്‍ അവള്‍ പോയിരിക്കുന്ന
ഇടമുണ്ട്.. ദൂരെയാണ്
ദുര്‍ഘടമാണ്‍ ..വഴി
ഭൂപടങ്ങളെ വിശ്വസിക്കുക
പ്രണയത്തിലെ
അവളുടെ ഉപ്പ് വിരലുകളോര്‍ക്കുക


കാണുമെന്ന് ഉറപ്പ് പറഞ്ഞിട്ടും
കാണാതെ പോയ നമ്മൂടെ
ശനിയാഴ്ചകള്‍ ഓര്‍ക്കുക
ഒരുച്ചയില്‍ നമ്മള്‍
കര്‍ട്ടനുകള്‍ വലിച്ച്
ഇരുട്ടാക്കിയ
നമ്മുടെ മുറിയോര്‍ക്കുക
പരസ്‌പരം മുറിഞ്ഞ
നമ്മളെയോര്‍ക്കുക

പ്രണയമേ..അത്ര
പിടയുന്ന പ്രാണനിലും
നമ്മള്‍ നമ്മളെ പിന്നെയും
പിന്നെയും ഊതി നോക്കുക
ഉറപ്പിക്കാന്‍ പിന്നെയും '
അടയാളങ്ങള്‍ തേടുന്ന
ഉലയാണ്....ജീവനാണ്
ഇനിയും ആരെങ്കിലും
ചോദിച്ചേക്കാം
അയാള്‍ / അവള്‍
നിനക്കാരെണെന്ന്
ഒരു മാത്ര പോലും
സംശയിച്ചേക്കരുത്

ഉറക്കമാണ്..ഉണരുമ്പോള്‍
നീ വായിക്കേണ്ട
ആദ്യ മെസേജ് ആണ് !

ഒരു ബൊഹീമിയന്‍ ഹൈക്കു

പ്രണയം എന്ന് വാക്ക് തിരിച്ചും മറിച്ചുമെഴുതാം
നിന്റെ മെല്ലിച്ച വിരലുകള്‍
അതിലെ തണുപ്പ്
അത് വരുന്ന വഴി
കൂടെ ഉള്ളവരെല്ലാം പെയ്തു പോയിട്ടും
പെയ്യാതെ നില്‍ക്കുന്ന മേഘമില്ലേ.
അങ്ങനെ ഒന്ന്..

ഞാനോ നിന്നിലേക്ക് കുനിയുന്ന
ഒരു മരത്തിന്റെ ഇല
വരണ്ടുണങ്ങിയ ഒരു തോട്ടത്തിലെ
ഒരു ചെടിയാണ്..


ഉറക്കം കനക്കുമ്പോള്‍
അരികില്‍ വരുന്ന ഒരുവളുണ്ട്
ഒരു കാണാതൂവാല കൊണ്ട്
കണ്ണില്‍ തൊടൂം
ഞാനുറങ്ങി പോകും
ഒരു കവിള്‍ നിറയെ വെള്ളം
കൊണ്ട് നീയെന്നെ നനക്കും
ഓര്‍മ്മയെന്ന ഒരു കൂറ്റന്‍ മല്‍സ്യം
വിഴുങ്ങിയാതാണെന്നെ

ഇന്നുറങ്ങി കിടക്കുമ്പോള്‍
നിന്റെ മുക്കുത്തി
സ്വപ്നം കണ്ടു
ഒരൊറ്റ കല്ലു വച്ച്
റിങ്ങില്‍
എത്ര ഉമ്മ വയ്ക്കാന്‍ തോന്നിയെന്നോ
സത്യത്തില്‍ നിന്നെ ഉമ്മ വക്കും പോലെ
വേറൊന്നില്ല..
നനഞ്ഞ ഉമ്മ പോലെ..
അമര്‍ത്തി പിടിച്ച്
അല്ല പിടയുന്ന നിന്നെ അമര്‍ത്തി പിടിച്ച്
:) :) :)

തീ ഞാനാരോട് വാങ്ങും നിന്നോടല്ലാതെ



നോക്ക്...
മഴ പെയ്യുവാന്‍ പോകുന്നു
ഒരു മേഘം പോലുമില്ല
പക്ഷേ
നമ്മളെ പോലെയാണ്
വെയിലില്‍ പെയ്യുന്നു
മഴയെന്ന് തോന്നും

ഒരു ബൊഹീമിയന്‍ ഹൈക്കു നീ
മൂന്നു വരിക്കവിത
ചിമ്മിനിയുള്ള വീട് പോലെ
നിറയെ പൂക്കളുമായി വരുന്ന
ഒരു ഉന്തു വണ്ടിക്കാരന്‍
നിന്റെ വീടിന്റെ മുന്നില്‍ വരെ
ഞാനയാളെ കണ്ടിരുന്നു
പിന്നെ നോക്കുമ്പൊള്‍
വായുവില്‍ എന്ന പോലെ
അലിഞ്ഞ് പോയിരുന്നു

മരിക്കും പോലെ..
അതിലേറെ നിന്നെ പ്രണയിക്കുന്നു
എന്നു പറയാന്‍
മഴയുള്ളപ്പോള്‍
ഇരുള്‍ വീഴും മുന്നേ
ഒരു മരത്തിലെ ഒരിലയില്‍ മാത്രം
വീശുന്ന വെളിച്ചമില്ലേ
എതോ ഒരു കീറിലൂടെ താഴേക്കെത്തുന്ന
ആ വെട്ടത്തിന്റെ ഒരല
അതില്‍ തെളിയുന്ന പച്ച
അതാണ്... നീ
പിന്നെ നാം ഏറെ നാള്‍
കണ്ടതേയില്ല..
ഏറെ നാള്‍ ..

കണ്ടിട്ടേറെയായി
എങ്കിലും ..
ഉടഞ്ഞ തുണ്ടുകള്‍ കൊണ്ട്
നീയൊട്ടിച്ച് തന്ന
കാപ്പി കപ്പിലാണ്
ഞാനിപ്പോഴും എന്റെ
വൈകുന്നേരങ്ങളിലെ
കാപ്പി കുടിക്കുന്നത്

കാലങ്ങളിപ്പോഴും വരവും
പോക്കുമുണ്ട്
ഇത് ഒരു അനക്കവുമില്ലാത്ത രാത്രി

Thursday, July 25, 2019

കുട

നീ(ഞാന്‍) കുടയായിരുന്നു
ശീല കീറി
കമ്പി വിട്ട്
തുന്നലൊക്കെ വിട്ടിരുന്നു
എങ്കിലും കുടയായിരുന്നു
തണലായിരുന്നു

നമ്മളെന്നിട്ടും 
പരസ്‌പരം എറിഞ്ഞു
കളഞ്ഞില്ല
വെയിലിനേയും 
മഴയേയും പകുത്തു
പകുതി നനഞ്ഞിട്ടും 
പൊള്ളിയിട്ടും 
എറിഞ്ഞു കളയാതെ
നമ്മള്‍ 
ഇല്ലായിരുന്നെനിങ്കില്‍ 
ഏല്‍ക്കുമായിരുന്ന
പൊള്ളലിന്റെ കുറിച്ചോര്‍ത്ത്....

അനക്കം 

നിലാവുണ്ട്
എന്നിട്ടും എവിടെ നിന്നോ
വന്ന ഒരു മിന്നാമിനുങ്ങ്
തെളിച്ച് വെട്ടത്തില്‍ 
നിന്നെ വായിക്കുന്നു
നന്നേ ജീവിച്ചിരിക്കുന്നവരുടെ
പാട്ട് കേള്‍ക്കുന്നു
വിരലുകളനങ്ങുന്നു
നിന്നെ കൊള്ളയടിക്കാന്‍ 
മുതിരുമ്പോള്‍ 
സൈറണ്‍ മുഴക്കി പാഞ്ഞ് വരുന്ന
എന്റെ പ്രണയത്തോടാണ്
നിന്റെ കൈവള്ളയില്‍ വീണ
ഒരു തുള്ളിയൊരു 
തടാകമായി മാറുന്നത്
അതിലേക്ക് തുഴ പോലുമില്ലാതെ
നമ്മള്‍ തോണിയിറക്കുന്നത്
മുങ്ങിപ്പോകുമായിരിക്കും 
താഴും മുന്നേ ജലമൊക്കെയും 
വെള്ളകൊറ്റികളായി 
പറന്നു പോകുന്നത് നമ്മള്‍ കാണും 
അതില്‍ രണ്ടെണ്ണം നമ്മളാവും 
എപ്പോഴും പോലെ 
സംശയിച്ച് സംശയിച്ച്
എങ്കിലും വഴി മാറാതെ
ചിറക് വീശി 
അവരവരുടെ ഇടങ്ങളിലേക്ക്
പറന്നു പോയി

2.


അല്ലെങ്കില്‍ തന്നെ മരിച്ചാല്‍ 
പിന്നെന്ത് മൈരെന്ന്...
ഇനിയൊരു മഞ്ഞു കാലം കൂടെ
വന്നാല്‍ അപ്പോഴോര്‍ക്കാം 
തണുപ്പില്‍ പൊഴിച്ച
തൊലികളില്‍ നമുക്ക് 
ഊഷ്മ മാപിനികള്‍ വയ്ക്കാം 


3.

ഒരു ചോദ്യങ്ങള്‍ക്കും 
ഉത്തരമില്ലാത്തതിനാല്‍ 
ആണ്‌ നിന്നെ എനിക്കിത്രയിഷ്ടം 

സ്ലോ പോയിസണ്‍ 

പ്രണയം പ്രേമമൊന്നുമല്ല
പറന്ന് പോവുമ്പൊള്‍
ഒരു പക്ഷി കൊഴിച്ചേക്കാവുന്ന
തൂവല്‍ വായുവില്‍ കാറ്റില്‍
ആടിയാടി ..
അല്ല അതങ്ങിനെയല്ല..
അതിനു ഭാരം താങ്ങാന്‍ ആവാതെ
ഭൂഗുരുത്വത്തെ കടന്ന് പോവാന്‍
ആവാതെ ഭൂമിയിലേക്ക്
പതിക്കും മുന്നേ
കൈവള്ളയില്‍ പിടിക്കാന്‍
കഴിയുമെങ്കില്‍ അതാണ്
പ്രണയം ..
പ്രേമം വേറെയാണ്
അതിനു പീനല്‍ കോഡുകളുണ്ട്
വകുപ്പുകളും  നിയമങ്ങളുമുണ്ട്
പ്രണയം
അതിങ്ങനെ പിടിതരാതെ
വഴുക്കി കളയും
പ്രണയം തൂവല്‍ കനമുള്ളപ്പോഴും
ഭാരമേറിയതാണ്

നെഞ്ചിലിരിക്കുമ്പോള്‍
ശ്വാസമിങ്ങനെ
രാവിലെ പത്തു മണിയിലെ
പാലാരിവട്ടം കലൂര്‍ റോഡ് പോലെ
പതിയെ പതിയെ...
പ്രണയം .നീളമേറെയില്ലാത്ത
വഴിയാണ്
പക്ഷേ പതിയെ പതിയെ
ഓരോ കുണ്ടും കുഴിയുമറിഞ്ഞ്
പ്രണയൊമൊരു സ്ലോ മൂവിങ്ങ്
ട്രാഫിക് ആണ്.
സ്ലോ....മൂവിങ്ങ്

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...